ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയാണ് 'കൽക്കി 2898 എഡി'. നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ഈ ചിത്രം ജൂൺ 27ന് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. പ്രഭാസാണ് 'കൽക്കി 2898 എഡി'യിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ എങ്ങും കൽക്കി തന്നെയാണ് ചർച്ചാവിഷയം. സിനിമയുടെ പ്രൊമോഷൻ പരിപാടികളും ഒരുവശത്ത് തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇതിനിടെ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശോഭനയുടെ കാരക്‌ടർ പോസ്റ്ററാണ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ നിർമാതാക്കൾ പുറത്തുവിട്ടത്. ഏറെ വ്യത്യസ്‌തമായ ലുക്കിലാണ് താരം പോസ്റ്ററിൽ തിളങ്ങുന്നത്. പരമ്പരാഗത കുല വസ്‌ത്രത്തിലാണ് താരം. മറിയം എന്ന കഥാപാത്രത്തെയാണ് ശോഭന കൽക്കിയിൽ അവതരിപ്പിക്കുന്നത്. ഏതായാലും സിനിമയിലെ താരത്തിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ജനിപ്പിക്കുന്നത് തന്നെയാണ് കാരക്‌ടർ പോസ്റ്റർ.
വർഷങ്ങളുടെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ശോഭന ഒരു തെലുഗു ചിത്രത്തിൻ്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയം. അതേസമയം വലിയ താരനിരയാണ് കൽക്കിയിൽ അണിനിരക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ഈ ചിത്രത്തിലെ നായിക. ഒപ്പം ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽഹാസനും പ്രധാന വേഷങ്ങളിലുണ്ട്. വൈജയന്തി മൂവീസിന് കീഴിൽ അശ്വിനി ദത്താണ് ഈ സിനിമ നിർമിക്കുന്നത്.
സിബിഎഫ്‌സിയിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് നേടിയ കൽക്കി സിനിമയുടെ ദൈർഘ്യം 175 മിനിറ്റാണ്. പുരാണങ്ങളുമായി സമന്വയിപ്പിക്കുന്നതാണ് ഈ സയൻസ് ഫിക്ഷൻ സിനിമ എന്നാണ് വിവരം. പ്രീ-ബുക്കിങ്ങിൽ ചരിത്രനേട്ടമാണ് കൽക്കി സ്വന്തമാക്കിയത്. വിദേശത്ത് പ്രീ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജമൗലിയുടെ 'ആർആർആർ' സിനിമയുടെ റെക്കോഡ് മറികടക്കാൻ കൽക്കിക്കായി.
2 മില്യൺ ഡോളറിലേറെ പ്രീ-സെയിൽ ബിസിനസാണ് ഈ ചിത്രം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വടക്കേ അമേരിക്കയിൽ മാത്രം 2 ദശലക്ഷം ഡോളറിൻ്റെ ബിസിനസ് നടന്നു. റിലീസിന് മുമ്പേ ഏറ്റവും വേഗത്തിൽ ടിക്കറ്റ് വിറ്റഴിയുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറാനും ഇതോടെ 'കൽക്കി'ക്ക് കഴിഞ്ഞു. റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കേ കണക്കുകൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിൽ 5000ത്തിലേറെ ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്.
ALSO READ: മൂന്നാം തവണയും 'അമ്മ'യുടെ പ്രസിഡന്‍റായി മോഹൻലാൽ: ജനറൽ സെക്രട്ടറി ആര്?; തെരഞ്ഞെടുപ്പ് ജൂൺ 30ന്