തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഇന്ന് രാവിലെ 10 മണിയോടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനിലാണ് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്.
തിരുവനന്തപുരം നർകോട്ടിക് അസിസ്‌റ്റന്‍റ് കമ്മീഷണറും ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രത്യേക അന്വേഷണ സംഘാംഗവുമായ അജി ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള പൂങ്കുഴലി ഐപിഎസ് അടക്കമുള്ളവർ സ്‌റ്റേഷനിൽ എത്തിയിരുന്നു. പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യൽ പൂർത്തിയാക്കി.
അതേസമയം ശനിയാഴ്‌ച വീണ്ടും സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകണം. നടിയുടെ പരാതിയിൽ ഹൈക്കോടതിയിൽ നിന്നും സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ല. പിന്നാലെ ഒളിവില്‍ പോവുകയും സുപ്രീംകോടതിയിലേയ്‌ക്ക് ഹർജി നല്‍കുകയും ചെയ്‌ത സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ തടസ്സ ഹർജി നൽകിയിരുന്നു.
എന്നാൽ ജാമ്യം അനുവദിക്കുന്നതിന് പകരം സിദ്ദിഖിന്‍റെ അറസ്‌റ്റ് രണ്ടാഴ്‌ച്ചത്തേയ്‌ക്ക് സുപ്രീംകോടതി തടഞ്ഞു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ ഹാജരാവാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ് പോലീസിനെ സമീപിച്ചത്. തുടർന്ന് ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് അല്ലെങ്കിൽ എറണാകുളത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു.