എറണാകുളം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് താരം ജാമ്യം തേടിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും നടന്‍ വാദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.
അഡ്വ. ബി രാമൻപിള്ള മുഖേനയാണ് സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ തേടിയത്. നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി. തെളിവെടുപ്പിന്‍റെ ഭാഗമായി മസ്‌കറ്റ് ഹോട്ടലിൽ പൊലീസ് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.