ഡോ. രാജ് കുമാർ സംവിധാനം ചെയ്‌ത് സുരാജ് വെഞ്ഞാറമൂടിന്‍റെ സഹോദരൻ സജി വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തിയ 'അല്ലി' എന്ന ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്‌തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേതാവാണ് ശിവ ദാമോദർ. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിലെ അറിയപ്പെടുന്ന കലാകാരൻ ആകുകയാണ് ശിവയുടെ ലക്ഷ്യം. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ- ബിപിൻ ജോർജ് ചിത്രം 'വെടിക്കെട്ടി'ലും മർമ്മ പ്രധാനമായ ഒരു വേഷം ശിവ കൈകാര്യം ചെയ്‌തിരുന്നു.
തുടർന്നാണ് മലയാള സിനിമയിലെ ആക്ഷൻ ഡയറക്‌ടറായ സലിം ബാവ സംവിധാനം ചെയ്‌ത 'പേപ്പട്ടി' എന്ന ചിത്രത്തിൽ നായകനായി ശിവയ്ക്ക് അവസരം ലഭിക്കുന്നത്. ആക്ഷൻ സിനിമയിലെ ശിവയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഓഗസ്റ്റ് 2ന് പുറത്തിറങ്ങാൻ ഇരിക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രവുമായി ശിവ അരങ്ങിലെത്തുന്നു. ചിത്രത്തിൽ ജോണി ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വലംകൈയായാണ് ശിവ വേഷമിടുന്നത്.
'വെടിക്കെട്ടി'ലെ സംഘട്ടന രംഗങ്ങളാണ് 'ചിത്തിനി' യിലേക്കുള്ള വഴി തുറക്കുന്നത്. കളരി അഭ്യാസി കൂടിയായ ശിവ ദാമോദറിനെ ചിത്രത്തിലേക്ക് ആദ്യം ക്ഷണിക്കുന്നത് നായിക കഥാപാത്രത്തിന് കളരിച്ചുവടുകൾ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. തുടർന്നാണ് ചിത്രത്തിൽ ഒരു പ്രധാന വേഷം ലഭിക്കുന്നത്.
പൃഥ്വിരാജ് നായകനായി ഉടൻ ചിത്രീകരണം ആരംഭിക്കുന്ന 'കാളിയൻ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ശ്രീ ഡോ.മഹേഷ് ഗുരുക്കളുടെ ശിഷ്യൻ കൂടിയാണ് ശിവദാമോദർ. ഒപ്പം ശ്രീ മഹേഷ് ഗുരുക്കളുടെ അഗസ്ത്യം കളരിയിൽ അധ്യാപകൻ കൂടിയാണ്. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കി അഭിനയത്തിലേക്ക് ജീവിതം പറിച്ചുനട്ടു കഴിഞ്ഞു ശിവ ദാമോദർ.