പത്മവിഭൂഷണ്‍ റാമോജി റാവുവിന്‍റെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്‌ടമെന്ന് നടൻ പൃഥ്വിരാജ്. ഇന്ത്യൻ സിനിമയെക്കുറിച്ച് ഏറ്റവും മികച്ച കാഴ്‌ചപ്പാടുള്ള വ്യക്തിയായിരുന്നു റാമോജി റാവുവെന്നും പൃഥ്വിരാജ് ഇടിവി ഭാരതിനോട് പറഞ്ഞു.
അദ്ദേഹത്തോളം വിഷനുള്ള മറ്റൊരാൾ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇല്ല.
അത്ഭുത ലോകമായ റാമോജി റാവു ഫിലിം സിറ്റിയിൽ എത്തുമ്പോഴൊക്കെ അമ്പരപ്പോടെ ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. സിനിമയെക്കുറിച്ച് എത്ര ദീർഘവീക്ഷണമുള്ള ഒരാൾക്കായിരിക്കണം ഇത്തരം ഒരു സംരംഭം ആരംഭിച്ച് അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ സാധിക്കുക. അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങളോ കാഴ്‌ചപ്പാടുകളോ ഒരിക്കലും മരണപ്പെടുന്നില്ല.
സിനിമയും പ്രേക്ഷകരും ഉള്ളടത്തോളം കാലം അദ്ദേഹത്തിന്‍റെ എല്ലാ സംരംഭങ്ങളും ഓർമ്മയിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്ക് ഈ നഷ്‌ടം നേരിടാനുള്ള എല്ലാ ശക്തിയും മാനസിക ധൈര്യവും ഉണ്ടാകട്ടെ എന്നും ദൈവത്തോട് പ്രാർഥിക്കുന്നു. ഒരിക്കൽ കൂടി ആവർത്തിക്കുന്നു, ഈ നഷ്‌ടം നികത്താനാകാത്തതാണ്.
ധാരാളം സിനിമകൾ റാമോജി ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ കാണുവാൻ സാധിച്ചിട്ടുള്ളത്. ദൈർഘ്യമുള്ള ഒരു സൗഹൃദ സംഭാഷണത്തിന് ഇതുവരെയും അവസരം ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ അറിയാൻ സാധിച്ചിട്ടുണ്ട്.
അടുത്തകാലത്ത് ഞാൻ അഭിനയിച്ച സലാർ എന്ന ചിത്രം പൂർണമായും റാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്‌തത്. ഒരുപക്ഷേ എല്ലാ വർഷവും ഒരു സിനിമയുടെ ഏതെങ്കിലുമൊരു ഭാഗമെങ്കിലും ഷൂട്ട് ചെയ്യാൻ റാമോജി ഫിലിം സിറ്റിയിൽ എത്താറുമുണ്ട്. ഒരു ട്രൂ വിഷണറി ലെജന്‍റിനെ നമുക്ക് നഷ്‌ടപ്പെട്ടു- പൃഥ്വിരാജ് പറഞ്ഞു.
ALSO READ: 'വീട്ടിലേക്ക് വിളിക്കും, ഭക്ഷണം തരും'; റാമോജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സന്തോഷ് ശിവൻ