തിരുവനന്തപുരം: ഹേമ കമ്മിറ്റി പുറത്ത് വിട്ടതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് (ഓഗസ്റ്റ് 31) മാധ്യമങ്ങളെ കാണും. തിരുവനന്തപുരം വഴുതക്കാടുള്ള ഹയാത് റീജൻസിയിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഗോ പ്രകാശന ചടങ്ങിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ (ഓഗസ്റ്റ് 30) രാത്രി ഒരുമണിയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഇന്ന് തലസ്ഥാനത്ത് മൂന്ന് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഹയാത്തില്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ താമസവും. 12 മണിക്കുള്ള പരിപാടിക്ക് ശേഷം 2:30ന് കേശവദാസപുരം സുബ്രഹ്മണ്യം ഹാളിൽ ബേബി ജോൺ അനുസ്‌മരണത്തിലും വൈകിട്ട് ആറ് മണിക്ക് ശ്രീകുമാരൻ തമ്പിക്ക് ആദരം അർപ്പിക്കുന്ന നിശാഗന്ധിയിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അമ്മ ഭരണ സമിതിയാകെ രാജിവച്ചൊഴിഞ്ഞിരുന്നു. സിനിമ മേഖലയിലെ ചൂഷണങ്ങൾ വിശദമാക്കുന്ന ആരോപണങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നതിനിടെയും 'അമ്മ'യുടെ ഭാഗത്ത് നിന്ന് പത്രക്കുറിപ്പ് മാത്രമായിരുന്നു ഇതുവരെ പുറത്ത് വന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്.
Also Read: 'ഇത് എല്ലാ ഇന്‍ഡസ്‌ട്രിയിലും നടക്കുന്നുണ്ട്, മോഹൻലാൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടായിരുന്നു': ശാന്തി പ്രിയ