ഭൂൽ ഭുലയ്യ 3 യുടെ ഷൂട്ടിങ് വിശേഷങ്ങള്‍ ആദ്യമായി ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ച് നടൻ കാർത്തിക് ആര്യൻ. ചൊവ്വാഴ്‌ച രാത്രിയാണ് തൻ്റെ തിരക്കേറിയ ഷെഡ്യൂളിൻ്റെ ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടന്‍ പങ്കിട്ടത്. 18 മണിക്കൂർ നീണ്ടുനിന്ന ഷൂട്ടിങ് ദൃശ്യങ്ങള്‍ കണ്ടതിന്‍റെ ഞെട്ടലിലാണ് ആസ്വാദകര്‍.
"ഷൂട്ട് 1. #ഭൂൽ ഭുലയ്യ 3" എന്ന അടിക്കുറിപ്പോടെ പങ്കുവച്ച നടന്‍റെ ചിത്രത്തിന് മുകളില്‍ സൺഗ്ലാസ് ധരിച്ച ഇമോജി കൊണ്ട് മുഖം മറച്ചിരുന്നു. അടുത്ത ദിവസത്തെ ഷൂട്ടിങ്ങിന്‍റെ ആകാംക്ഷയും നടന്‍ പങ്കുവച്ചു. ഇതോടെ രണ്ട് ഭാഗവും വിജയിച്ച സിനിമയുടെ മൂന്നാം ഭാഗമായ ഭൂൽ ഭുലയ്യ 3 യെ കുറിച്ചുളള പ്രേക്ഷകരുടെ പ്രതീക്ഷ കൂടിയിരിക്കുകയാണ്.
"സത്യപ്രേം കി കഥ" സെറ്റിൽ നിന്നുള്ള വീഡിയോയും നടന്‍ പ്രേക്ഷകരുമായി പങ്കിട്ടു. വളരെ ക്ഷീണിതനായാണ് താരം വീഡിയോയില്‍ കാണപ്പെട്ടത്. തീര്‍ന്ന കാപ്പി കപ്പും "ഷൂട്ട് 2. 3:29 AM. കോഫി ഭി ഖതം" എന്ന എഴുത്തും പോസ്റ്റില്‍ കാണാം. ഇത് സമൂഹ മാധ്യമത്തില്‍ താരത്തിന്‍റെ ആത്മാര്‍ഥതയെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് കാരണമായി.
അതിനുശേഷം, താരം ഷൂട്ടിങ് കഴിഞ്ഞ് പുലർച്ചെ 4 മണിക്ക് വീട്ടിലേക്ക് യാത്ര ചെയ്യുന്ന ദ്യശം പങ്കുവച്ചുകൊണ്ട് ഇങ്ങനെ എഴുതി: "4:12 AM. 18 മണിക്കൂർ ഷൂട്ടിങ് അവസാനിക്കുന്നു." വീഡിയോയുടെ അവസാനം നടൻ ആരാധകരോട് വിടപറയുന്നുമുണ്ട്.
"ഭൂൽ ഭുലയ്യ 3" എന്നത് തിയേറ്ററുകളില്‍ കോളിളക്കം സൃഷ്‌ടിച്ച ഭൂൽ ഭുലയ്യയുടെ മൂന്നാം പതിപ്പാണ്. അനീസ് ബസ്‌മി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാർത്തിക്കിനെ കൂടാതെ വിദ്യ ബാലനും തൃപ്‌തി ദിമ്രിയും പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമ ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
സിനിമയുടെ ആദ്യ ഭാഗം അക്ഷയ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്‌തത് പ്രിയദർശനാണ്. ബസ്‌മി സംവിധാനം ചെയ്‌ത രണ്ടാം ഭാഗത്തില്‍ തബുവിനും കിയാര അദ്വാനിക്കും ഒപ്പം കാർത്തിക് പ്രത്യക്ഷപ്പെട്ടു.
ഭൂൽ ഭുലയ്യ 3യ്‌ക്ക് പുറമെ റിലീസിന് തയ്യാറെടുക്കുന്ന കാർത്തികിന്‍റെ പുതിയ ചിത്രമാണ് ചന്തു ചാമ്പ്യൻ. കൂടാതെ, സംവിധായകൻ ഹൻസൽ മേത്തയുടെ ചിത്രമായ ക്യാപ്റ്റൻ ഇന്ത്യയിലും അനുരാഗ് ബസുവിൻ്റെ ചിത്രമായ ആഷിഖി 3 യിലും കാർത്തിക് അഭിനയിക്കുന്നുണ്ട്.
ALSO READ: 'സ്വയംഭൂ'; ആക്ഷനിൽ ഞെട്ടിക്കാൻ നിഖിൽ സിദ്ധാർഥ - ഭരത് കൃഷ്‌ണമാചാരി ചിത്രം, ഷൂട്ടിങ് പുരോഗമിക്കുന്നു