'പതിനെട്ടാം പടി' എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. തുടർന്ന് 12ത്ത് മാൻ, മാലിക്, ഫീനിക്‌സ്, അന്ധകാര ഒടുവിൽ തിയേറ്ററിലെത്തിയ 'സീക്രട്ട് ഹോം' തുടങ്ങിയ ചിത്രങ്ങളിലൂടെയും ചന്തുനാഥ് സിനിമാസ്വാദകരുടെ മനം കവർന്നു. നിലവില്‍ പുതിയ സിനിമയ്‌ക്കായി ബോഡി ട്രാൻസ്‌ഫർമേഷനടക്കം നടത്തി കഥാപാത്രത്തെ അതിന്‍റെ പൂർണതയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് താരം. തന്‍റെ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ചന്തുനാഥ്.
2024 ജൂണിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പുതിയ സിനിമയ്‌ക്ക് വേണ്ടിയാണ് ചന്തുനാഥ് ബോഡി ട്രാൻസ്‌ഫർമേഷൻ നടത്തുന്നത്. ആക്ഷന് വളരെയേറെ പ്രധാന്യമുള്ള സിനിമയാണിത്. 90 ദിവസമാണ് ചന്തുനാഥ് ഫിറ്റ്‌നസിനും വർക്കൗട്ടിനും മറ്റുമായി മാറ്റിവച്ചിരിക്കുന്നത്. ഈ കാലയളവിൽ മറ്റ് സിനിമകളൊന്നും ചെയ്യുന്നില്ലെന്ന് ചന്തുനാഥ് പറയുന്നു. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തു പറയാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചന്തുനാഥിന്‍റെ അഭിനയത്തോടൊപ്പം ആളുകളുടെ ശ്രദ്ധയാകർഷിച്ച മറ്റൊരു കാര്യമാണ് അദ്ദേഹത്തിന്‍റെ ശബ്‌ദവും. ശബ്‌ദം മികച്ചതാണെന്നുള്ള അഭിപ്രായം പലപ്പോഴും കേട്ടിട്ടുണ്ട്. ശബ്‌ദവും ശരീരവുമെല്ലാം മാതാപിതാക്കളിൽ നിന്നും പകർന്ന് ലഭിക്കുന്നതാണല്ലോ. ലഭിക്കുന്ന ആശംസകൾ അവർക്ക് അവകാശപ്പെട്ടതാണ്. അഭിനയിച്ച എല്ലാ സിനിമകളിലും ഡബ്ബ് ചെയ്‌തത് ഞാൻ തന്നെയാണ്.
എന്‍റെ ജീവിതത്തെ സിനിമയിലേക്ക് വരുന്നതിനുമുമ്പും അതിനുശേഷവും എന്ന് രണ്ടായി തരം തിരിക്കാൻ കഴിയും. സിനിമയിലേക്ക് വരുന്നതിനുമുമ്പ് സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഒരു വിനോദോപാധി മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.
സിനിമയുടെ മാറ്റങ്ങൾ, കഥ പറയുന്ന രീതി, കഥാപാത്രങ്ങളുടെ ഡിസൈൻ കൃത്യമായി നിരീക്ഷിച്ചിരിക്കണം. സിനിമ ഒരു തൊഴിലായി കൂടി കണ്ട് വളരെ സീരിയസ് ആയി സമീപിക്കുന്നു. 'ഫീനിക്‌സ്' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയ കാലം മുതൽ ഇന്നുവരെ എല്ലാ ദിവസവും സോഷ്യൽ മീഡിയയിലൂടെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ചുള്ള എന്തെങ്കിലും ഒരു കോണ്ടന്‍റ് കാണാറുണ്ട്.
'പതിനെട്ടാം പടി' എന്ന ചിത്രത്തിനുശേഷം പ്രേക്ഷകർ എന്നെ ഏറ്റവും അധികം ശ്രദ്ധിച്ചത് ഒരുപക്ഷേ 'ഫീനിക്‌സി'ൽ ആയിരിക്കണം. ഒരു നടൻ എന്നുള്ള രീതിയിൽ തിരിച്ചറിയപ്പെടുന്നതിന് 'ഫീനിക്‌സ്' ഒരുപാട് സഹായിച്ചു. 'പതിനെട്ടാം പടി' സിനിമയിൽ അഹാനയായിരുന്നു എന്‍റെ പെയറായി വേഷമിട്ടത്. ഞങ്ങൾക്കായി മാത്രം ചിത്രത്തിൽ ഒരു ഗാനരംഗം ഉണ്ടായി. ആ ഗാനം ഒരു നടനെന്നുള്ള രീതിയിൽ എനിക്ക് വളരെയധികം ഹൈപ്പ് ലഭിക്കുന്നതിന് കാരണമായി.
അതുപോലെ തന്നെയാണ് 'ഫീനിക്‌സ്' സിനിമയിലെ 'എന്നിലെ പുഞ്ചിരി' എന്ന ഗാനവും. ഒന്നു പാളിയാൽ കൈയിൽനിന്ന് വഴുതി പോകാവുന്ന ക്ലൈമാക്‌സ് ആയിരുന്നു ഫീനിക്‌സിലേത്. പക്ഷേ തന്മയത്വത്തോടുകൂടി ആ രംഗം ഒരുക്കാനായി. സിനിമ റിലീസ് ചെയ്‌തശേഷവും ആളുകൾ അത് ചർച്ച ചെയ്യുന്നു. വ്യക്തിപരമായി ഏറ്റവും സ്വാധീനിച്ച ചിത്രവും കൂടിയാണതെന്നും ചന്തുനാഥ് വ്യക്തമാക്കി.
എന്നെ സംബന്ധിച്ചിടത്തോളം ഫീനിക്‌സ് വെറുമൊരു സിനിമയല്ല. ഫീനിക്‌സിനോട് എനിക്ക് വൈകാരികമായ അടുപ്പവും ഉണ്ട്. എന്‍റെ അമ്മ ഒരു അധ്യാപികയും അച്ഛൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായിരുന്നു. സിനിമയിൽ എനിക്ക് ഗോഡ് ഫാദർ ഇല്ല. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് യുവജനോത്സവങ്ങളിൽ പങ്കെടുക്കുവാൻ എന്നെ കൊണ്ടുപോയിരുന്നത് അമ്മയാണ്.
എന്നിലെ കലാകാരനെ ലോകം കാണണം, അംഗീകരിക്കപ്പെടണം, അതൊരു ജീവിത മാർഗം ആകണം എന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് സിനിമയിലേക്ക് എത്തിച്ചേർന്നത്. എന്നാൽ അതൊട്ടും എളുപ്പമായിരുന്നില്ല. സിനിമയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ഉദ്ദേശത്തോടെ ബെംഗളൂരുവിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. പ്രിയപ്പെട്ട സുഹൃത്ത് അഭിറാം സംവിധാനം ചെയ്‌ത ഹിമാലയത്തിലെ കശ്‌മലൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. എന്‍റെ ആദ്യ ചിത്രം.
പക്ഷേ പതിനെട്ടാം പടിയായിരുന്നു കരിയർ ബ്രേക്ക് നൽകിയ ചിത്രം. പുറത്തുനിന്ന് ഒരാൾ അറിയുന്നതുപോലെയല്ല സിനിമയ്‌ക്കുള്ളിലെ മത്സരബുദ്ധി. നിലനിൽക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. നിരവധി കഥാപാത്രങ്ങൾ ചെയ്യുകയും നിരവധി സിനിമകളുടെ ഭാഗമായെങ്കിലും ഇപ്പോഴും ഒരു സ്‌ട്രഗ്‌ളിങ് പോയിന്‍റിൽ തന്നെയാണ് ഞാൻ.
ഒരു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രമായി ക്ഷണിച്ചാൽ അതുതന്നെ ഏറ്റവും വലിയ ടഫ് കോമ്പറ്റീഷൻ ആണ്. എന്‍റെ കഴിവുകളിൽ പൂർണ വിശ്വാസം ചെലുത്തി തന്നെയാണ് ഇവിടെ പിടിച്ചുനിൽക്കുന്നത്. നാളെ എന്താകും എന്ന് എനിക്ക് അറിയില്ല.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ തുടങ്ങിയ അധികായന്മാരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എനിക്കിവിടെ ഒരു സ്റ്റാർഡം ഉണ്ടാക്കാൻ സാധിക്കുക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല എന്ന് അറിയാം. മലയാള സിനിമയ്‌ക്ക് ഒഴിവാക്കാനാകാത്ത താരമെന്നുള്ള നിലയിൽ വളരാൻ ഇനിയും സമയമെടുക്കുമെന്നും ചന്തുനാഥ് പറഞ്ഞു.