സ്റ്റേജ് കലാകാരനായും നടനായും അവതാരകനായും നാടൻപാട്ട് ഗായകനായും മലയാളിക്ക് സുപരിചിതനാണ് കിഷോർ (Kishore N K). ഇതിനെല്ലാമുപരി കിഷോർ നല്ലൊരു പാചകക്കാരൻ കൂടിയാണ്. ജനഹൃദയങ്ങളിൽ അദ്ദേഹം ഇരിപ്പിടമുറപ്പിച്ചതും ടെലിവിഷൻ ചാനലുകളിൽ രുചി തേടിയുള്ള പരിപാടികൾക്ക് മുഖമായപ്പോഴാണ്.
സ്റ്റേജ് കലയും സിനിമ അഭിനയവും ഒരുപോലെ ശ്രദ്ധ ചെലുത്തേണ്ട കലാമേഖലകളാണെന്ന് കിഷോർ പറയുന്നു. സ്റ്റേജ് പരിപാടികൾ ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധിക്കണം. ജനങ്ങളിൽ നിന്നുള്ള റെസ്‌പോൺസ് സ്റ്റേജ് പരിപാടികൾക്ക് വളരെ പെട്ടെന്നായിരിക്കും. എന്നാൽ സിനിമയിൽ അങ്ങനെയല്ല.
പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം ഏത് മേഖലയിലായാലും കലാസൃഷ്‌ടികളോടുള്ള സമീപനം എപ്പോഴും ഒരുപോലെയായിരിക്കുമെന്ന് കിഷോർ പറയുന്നു. കൃഷ്‌ണ പൂജപ്പുര തിരക്കഥ എഴുതി സജി സുരേന്ദ്രൻ സംവിധാനം ചെയ്‌ത 'ഇവർ വിവാഹിതരായാൽ' എന്ന ചിത്രത്തിലൂടെയാണ് കിഷോറിന്‍റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. ജയസൂര്യ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
പിന്നീട് ജയസൂര്യയുടെ തന്നെ 'കുഞ്ഞളിയൻ' എന്ന ചിത്രത്തിൽ വേഷമിട്ടു. 'കുഞ്ഞളിയൻ' സിനിമയിൽ അഭിനയിച്ച നിമിഷങ്ങൾ മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മണിയൻപിള്ള രാജുവുമൊത്തുള്ള അനുഭവവും കിഷോർ ഓർത്തെടുത്തു. 'മലയാള സിനിമയിൽ ഭക്ഷണ കാര്യങ്ങളിൽ ഒരു സോഷ്യലിസം കൊണ്ടുവന്ന വ്യക്തിയാണ് മണിയൻപിള്ള രാജു.
സംവിധായകനായാലും ലൈറ്റ് ബോയ് ആയാലും ഒരേ നിലവാരത്തിലുള്ള ഭക്ഷണം ലഭ്യമാക്കണം എന്നതായിരുന്നു അദ്ദേഹന്‍റെ കാഴ്‌ചപ്പാട്. കുഞ്ഞളിയൻ സെറ്റിലൂടെ അദ്ദേഹവുമായി ഒരു മികച്ച സൗഹൃദം സ്ഥാപിക്കാൻ സാധിച്ചു'- കിഷോർ പറഞ്ഞു.
കലാഭവൻ മണിക്ക് താൻ ഭക്ഷണം പാചകം ചെയ്‌ത് നൽകിയിട്ടുണ്ടെന്നും കിഷോർ പറഞ്ഞു. 'മണിച്ചേട്ടൻ ഭക്ഷണ കാര്യത്തിൽ ആണെങ്കിലും കലാപരമായ മറ്റേത് കാര്യത്തിലാണെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന ആളാണ്. പ്രിയപ്പെട്ട നാട്ടുകാരെ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു മണിച്ചേട്ടനുമായുള്ള സൗഹൃദം ദൃഢമാകുന്നത്. ചിത്രീകരണം കഴിഞ്ഞ ശേഷം വൈകുന്നേരങ്ങളിൽ എല്ലാ ദിവസവും ഭക്ഷണം ഉണ്ടാക്കുകയും എല്ലാവരും ഒത്തുചേർന്ന് നല്ല നിമിഷങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്യുമായിരുന്നു'- കിഷോർ ഓർത്തെടുത്തു.
നടൻ ബാലയുമായും അക്കാലത്ത് സൗഹൃദബന്ധം സ്ഥാപിക്കാൻ സാധിച്ചു. പഴയകാല ഓർമ്മകളാണ് ഇപ്പോഴും ജീവിക്കാനുള്ള ഊർജം നൽകുന്നത്. സോഷ്യൽ മീഡിയയിലൂടെ കിട്ടുന്ന ജനപ്രീതി വളരെ കൂടുതലാണ്. കൊച്ചു കുട്ടികൾ വരെ ഇന്ന് തന്നെ തിരിച്ചറിയുന്നു. രസകരമായ അനുഭവങ്ങടക്കം കൂട്ടിയിണക്കി ചെറുകഥ രൂപത്തിൽ ഒരു പുസ്‌കം പുറത്തിറക്കാനുള്ള ശ്രമത്തിലുമാണ് കിഷോർ.