പലതരം ഗാനങ്ങളും നാം നിത്യവും കേള്‍ക്കാറുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു ഗാനമാണ് ഇപ്പോള്‍ മലയാളികളുടെയൊക്കെ ചുണ്ടിലൊക്കെ നിറഞ്ഞു നില്‍ക്കുന്നത്. 'ആയിരം ഔറ' എന്ന റാപ്പ് സോങാണ് ഇപ്പോള്‍ യുവാക്കളുടെയൊക്കെ ഹരമായി മാറിയിരിക്കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഈ ഗാനം ട്രെന്‍ഡിങ്ങുമായിരിക്കുകയാണ്.
ഗാനം പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് നിരവധി ആളുകളാണ് ഇത് കണ്ടത്. മികച്ച പ്രതികരണമാണ് ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കേള്‍ക്കാന്‍ മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
റാപ്പര്‍ ഫെജോ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിര്‍വഹിച്ച ഗാനം സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്‌തിരിക്കുന്നത്. വാട്‌സാപ്പ് സ്‌റ്റാറ്റസിലും ഇന്‍റസ്‌റ്റഗ്രാം സ്റ്റോറിയിലുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് ഈ ഗാനം. റാപ്പിംഗ്, റാഫ്‌താര്‍, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഫെജോ ആണ് ഈ ഗാനത്തിന് പിന്നില്‍. ഫെജോ 2009 ലാണ് സ്വതന്ത്രമായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങിയത്.
മോഹന്‍ലാല്‍ നായകനായി എത്തിയ 'ആറാട്ട്' എന്ന ചിത്രത്തിലെ 'തലയുടെ വിളയാട്ട്', ടൊവിനോ ചിത്രം 'മറഡോണ'യിലെ 'അപരാട പങ്ക', പൃഥ്വിരാജ് ചിത്രം 'രണ'ത്തിലെ 'ആയുധമേതുട' ഫഹദ് ഫാസില്‍ ചിത്രമായ 'അതിര'നിലെ 'ഈ താഴ്‌വാര' എന്നീ ഗാനങ്ങളിലൂടെയാണ് ഫെജോയ്ക്ക് സ്വീകാര്യത ലഭിക്കുന്നത്. ഇപ്പോഴിതാ 'ആയിരം ഔറയും' പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബീറ്റ് പ്രൊഡക്ഷൻ: ജെഫിൻ ജെസ്റ്റിൻ, വിഷ്വൽ & ഡിസൈൻ: റാംമ്പോ, ഗിറ്റാർ: മാർട്ടിൻ നെറ്റോ, മിക്സ് & മാസ്റ്റർ: അഷ്ബിൻ പൗലോസ്, പ്രൊമോഷൻസ്- വിപിൻ കുമാർ, ഡോൽബി അറ്റ്മോസ് മിര്സ്: എബിൻ പോൾ എന്നിവരാണ് അണിയറപ്രവർത്തകർ. ഈ ടീമിന്‍റെ മുൻപ് ഇറങ്ങിയ ‘കൂടെ തുള്ള്..’ എന്ന ട്രെൻഡിങ് ഗാനം ഇരുപത് മില്യണ് മുകളില്‍ പ്രേക്ഷകരാണ് കണ്ടത്.
ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസില്‍, കോമഡി ഉത്സവം, ഫ്ലവേഴ്‌സ് ടോപ് സിംഗര്‍, സ്റ്റാര്‍ സിംഗര്‍, ബ്രീസര്‍ വിവിഡ് ഷഫിള്‍, മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്സ് 2020, മഴവില്‍ മ്യൂസിക് അവാര്‍ഡുകള്‍, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ സംഗീതകച്ചേരികളില്‍ ഫെജോ സജീവ സാന്നിധ്യമായിരുന്നു.