ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും. ഡബ്ല്യൂസിസി ശക്തമായി പ്രതികരിച്ചപ്പോഴാണ് ഇത്തരമൊരു വിഷയത്തെ കുറിച്ച് പൊതുസമൂഹത്തിന് ധാരണ ഉണ്ടായതെന്ന് ആഷിഖ് അബു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് പേരുടെ ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ് ഇതെന്നും, തങ്ങളുടെ ജീവിതവും കരിയറും കളഞ്ഞുള്ള കളിയായിരുന്നുവെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ കല്ലിങ്കലും ആഷിഖ് അബുവും.
'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് ഗൗരവമായ വിഷയങ്ങളാണ്. ആ ഗൗരവ സ്വഭാവം സംബന്ധിച്ച് പൊതു സമൂഹത്തില്‍ വ്യക്തമായൊരു ധാരണ ഉണ്ടായിരുന്നില്ല. ആ ധാരണയാണിപ്പോള്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ഉണ്ടായിരിക്കുന്നത്. ഡബ്ല്യൂസിസി ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചപ്പോഴാണ് പൊതു സമൂഹം ഇതിനെ കുറിച്ച് അറിഞ്ഞത് തന്നെ. ഡബ്ല്യൂസിസി ഇപ്പോഴും സമരത്തിലാണ്. മാറ്റത്തിനായുള്ള അവസരം ആയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കാണുന്നത്. സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. -ആഷിഖ് അബു പറഞ്ഞു.
'235 പേജുള്ള റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് വായിച്ച ശേഷം പ്രതികരിക്കും. റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ എന്താണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യൂസിസി നോക്കും. ശേഷമാകും ഭാവിയിലേയ്‌ക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഞങ്ങള്‍ക്കും ഇപ്പോഴാണ് റിപ്പോര്‍ട്ട് കിട്ടിയത്. നാല് വര്‍ഷമായി ഞങ്ങള്‍ ചോദിക്കുന്ന റിപ്പോര്‍ട്ടാണ്. കൃത്യമായി വായിച്ച ശേഷം ഞങ്ങള്‍ ഉറപ്പായും പ്രതികരിക്കും.
റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ സന്തോഷം. ഒരുപാടു പേരുടെ ഒരുപാട് വര്‍ഷത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണിത്.' -റിമ കല്ലിങ്കല്‍ പറഞ്ഞു. അതേസമയം തനിക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് റിമ കല്ലിങ്കല്‍ മറുപടി പറഞ്ഞു.
പ്രതിഫലം മുതല്‍ കാസ്‌റ്റിംഗ് കൗച്ച് വരെ നീളുന്ന അതിക്രമങ്ങളുടെ പുറത്തു വരാത്ത കഥകളാണ് 235 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സിനിമയെ നിയന്ത്രിക്കുന്നത് പവര്‍ ഗ്രൂപ്പുകളെന്ന പേരില്‍ അറിയപ്പെടുന്ന മാഫിയ സംഘമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ പ്രധാന നടന്‍മാരും ഉള്‍പ്പെടുന്നു. സംവിധായകര്‍ക്കും നിര്‍മ്മാതാകള്‍ക്കും എതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.
രാത്രിയില്‍ ഹോട്ടല്‍ റൂമിലെ കതക് തള്ളി തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കുക, മികച്ച അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങി കൊടുക്കുക, സിനിമ രംഗങ്ങളില്‍ നിര്‍ബന്ധിത നഗ്നതാ പ്രദര്‍ശനം, ഇത്തരത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഭീഷണി, പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും പിന്നീട് അവസരം നല്‍കാതെയും ഉപദ്രവിക്കുക, ഒരു താരത്തിന്‍റെ ഫാന്‍സുകാരെ മറ്റൊരു താരം കാശ് കൊടുത്തു വാങ്ങുക തുടങ്ങീ നിരവധി ഗുതുരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Also Read: 'എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാര്‍ ഇന്ന് സമൂഹത്തിന്‍റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നു': വിനയന്‍ - Vinayan reacts on Hema Committee