സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ 'ഓമനേ' എന്ന ഗാനത്തിന്‍റെ വീഡിയോയാണ് വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌തത്.
എ ആർ റഹ്മാൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേർന്നാണ്. റഫീക്ക് അഹമ്മദിന്‍റേതാണ് വരികൾ. നജീബിന്‍റെയും ഭാര്യയുടെയും സ്‌നേഹബന്ധത്തിന്‍റെ ആഴം വരച്ചുകാട്ടുന്ന ഈ റൊമാന്‍റിക് ഗാനത്തിന് തിയേറ്ററിൽ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ യൂട്യൂബിലും നിരവധി കാഴ്‌ചക്കാരെ സ്വന്തമാക്കുകയാണ് ഈ ഗാനം.
- " class="align-text-top noRightClick twitterSection" data="">
മാർച്ച് 28-ന് ആണ് ബ്ലെസിയുടെ സ്വപ്‌ന ചിത്രമായ 'ആടുജീവിതം' തിയേറ്ററുകളിലെത്തിയത്. ബെന്യാമിന്‍റെ വിഖ്യാത നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ഈ സിനിമ നൂറുകോടി കളക്ഷനും കടന്ന് മുന്നേറുകയാണ് ഇപ്പോഴും. വിഷു റിലീസുകൾ വന്നിട്ടും 'ആടുജീവിതം' മികച്ച കലക്ഷനുകൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്.
പൃഥ്വിരാജാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നജീബായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ കഠിനാധ്വാനവും ട്രാൻസ്‌ഫോർമേഷനും കയ്യടി നേടിയിരുന്നു. അമല പോളാണ് സിനിമയിലെ നായിക. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതം വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് എത്തിയത്.
ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ആടുജീവിതത്തിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ഈ ചിത്രത്തിന്‍റെ ശബ്‌ദമിശ്രണം നിർവഹിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെ എസ്. എഡിറ്റിങ് കൈകാര്യം ചെയ്‌തത് ശ്രീകർ പ്രസാദുമാണ്.
പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിങ് : ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ