മലയാള സിനിമാസ്വാദകർ ആകാംക്ഷപൂർവം കാത്തിരിക്കുന്ന ചിത്രമായ ആടുജീവിതത്തിന്‍റെ ട്രെയിലർ (Aadujeevitham trailor) ഇന്ന് പുറത്തിറങ്ങും. ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന ഈ സിനിമയുടെ റിലീസിനായി ആരാധകർ കാത്തിരിപ്പിലാണ്. മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും (Aadujeevitham release date).
ഇന്നലെ ഇൻസ്റ്റഗ്രാമിൽ ട്രെയിലർ റിലീസുമായി ബന്ധപ്പെട്ട പോസ്റ്റ് പൃഥ്വിരാജ് പങ്കുവച്ചിരുന്നു. ഇന്ന് 12 മണിക്ക് ട്രെയിലർ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് തീയതി നേരത്തെയാക്കുകയായിരുന്നു. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. നാളെ 12 മണിക്കാണ് ട്രെയിലർ പുറത്തിറക്കുന്നത്.
ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്‌ത സിനിമയാണിത്. ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു.
2008ലായിരുന്നു ബ്ലെസി ഈ ചിത്രത്തിന്‍റെ പ്രാരംഭ വർക്കുകൾ ആരംഭിച്ചത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒടുക്കം കഴിഞ്ഞ വർഷം ജൂലൈ 14ന് പൂർത്തിയായി.
ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട് ചെയ്‌തത് ജോർദാനിലായിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'. എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോൾ നായികയായി എത്തും.
ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ എത്തുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തും.
വായിച്ചറിഞ്ഞ നജീബിനെ കണ്ടറിയാനുള്ള അവസരമെന്ന് ബെന്യാമിൻ: 'ആടുജീവിതം' വെള്ളിത്തിരയിൽ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്നായിരുന്നു ബെന്യാമിന്‍റെ പ്രതികരണം. നോവലിലൂടെ വായിച്ചറിഞ്ഞ നജീബിനെ കണ്ടറിയാനുള്ള അവസരമാണിതെന്നും ചിത്രം പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് സംസാരിച്ചത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്