പൃഥ്വിരാജ് - ബ്ലെസി കൂട്ടുകെട്ടിന്‍റെ, ലോകമെമ്പാടുമുള്ള മലയാളി സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ഏപ്രിൽ പത്തിന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. പാൻ ഇന്ത്യൻ റിലീസിനാണ് 'ആടുജീവിതം' പദ്ധതിയിടുന്നത്.
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. കേരളത്തിന് പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണ കമ്പനികളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് 'ആടുജീവിതം' വിതരണത്തിനെക്കുന്നത്.
അതേസമയം തമിഴ്‌നാട്ടിൽ റെഡ് ജയന്‍റും കർണാടകയിൽ ഹോംബാലെ ഫിലിംസും തെലുഗുവിൽ മൈത്രി മൂവി മേക്കേഴ്‌സും നോര്‍ത്തിൽ എ എ ഫിലിംസുമാണ് 'ആടുജീവിത'ത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫാർസ് ഫിലിംസിനാണ് ഓവർസീസ് അവകാശം. ഇതാദ്യമായാകും ഒരു മലയാള സിനിമയ്‌ക്കായി ഇത്രയേറെ കമ്പനികൾ ഒന്നിച്ചെത്തുന്നത് എന്നതും ശ്രദ്ധേയം.
വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്‍റെ ഏറെ പ്രസിദ്ധമായ 'ആടുജീവിതം' എന്ന നോവലാണ് അതേ പേരിൽ ബ്ലെസി തിരശീലയിലേക്ക് പകർത്തുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ നോവൽ കൂടിയാണിത്. ഈ നോവലിന് ദൃശ്യഭാഷ്യമൊരുങ്ങുമ്പോൾ പ്രേക്ഷകരും ആവേശക്കൊടുമുടിയിലാണ്. പ്രഖ്യാപനം മുതൽ തന്നെ ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
2008ലാണ് ഈ സിനിമയുടെ പ്രാരംഭ വർക്കുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 14ന് നാലരവര്‍ഷം നീണ്ട 'ആടുജീവിത'ത്തിന്‍റെ ഷൂട്ടിംഗിന് സമാപനമായി. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'. ജോർദാനിലായിരുന്നു ഈ ചിത്രത്തിന്‍റെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത്. ഈ സിനിമയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രമായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു.
അതേസമയം ഈ ചിത്രത്തിന്‍റെ ബജറ്റ് ഇതുവരെയും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് 'ആടുജീവിതം' എത്തുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാനും റസൂൽ പൂക്കുട്ടിയും 'ആടുജീവിത'ത്തിന്‍റെ അണിയറയിലുണ്ട്. എ ആർ റഹ്‌മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും എല്ലാം ഈ ചിത്രത്തിന്‍റെ ആകർഷണങ്ങളാണ്. സുനിൽ കെ എസ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദും കൈകാര്യം ചെയ്യുന്നു. ഡിജിറ്റൽ മാർക്കറ്റിങ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്.
ALSO READ: വിട്ടുകൊടുക്കാന്‍ മനസില്ലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം; നജീബിന്‍റെ മൂന്നാം ലുക്ക് പുറത്ത്