മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 91-ാം പിറന്നാൾ. മലയാളികൾ കാണുകയും മനസിലാക്കുകയും ചെയ്‌ത ഒരുപിടി മനുഷ്യരാണ് എംടിയുടെ കഥാപാത്രങ്ങൾ. വള്ളുവനാടൻ ഭാഷയുടെ കഥാകാരൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ കൃതികളിലൂടെ വള്ളുവനാടൻ ഭാഷയും മനുഷ്യരും വായനക്കാർക്ക് ഏറെ സുപരിചിതമായി.
നോവലിസ്‌റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, അധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എംടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. വിമല, സേതു, സുമിത്ര, ഗ്ലോറി, തങ്കമണി, സുധാകരൻ, ജാനമ്മ, അനിയൻ, ഭാഗി, അപ്പുണ്ണി തുടങ്ങിയ എണ്ണമറ്റ കഥാപാത്രങ്ങൾ. നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങിയ അനശ്വര സൃഷ്‌ടികള്‍, എല്ലാം വിരിഞ്ഞത് അദ്ദേഹത്തിന്‍റെ തൂലികത്തുമ്പിൽ നിന്നാണ്.
സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എംടി ചലച്ചിത്ര ലോകത്തെത്തുന്നത്. 1973-ൽ ആദ്യമായി സംവിധാനം ചെയ്‌ത് നിർമിച്ച 'നിർമാല്യം' എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ സ്വർണപ്പതക്കം അദ്ദേഹത്തിന് ലഭിച്ചു. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എംടിയുണ്ടായിരുന്നു.
1993 ജൂലൈ 15 ന് കൂടല്ലൂരിൽ ടി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എംടിയുടെ ജനനം. പാലക്കാട് വിക്‌ടോറിയ കോളജിൽ നിന്ന് 1953 ൽ ബിരുദം പൂർത്തിയാക്കി. കോളജ് വിദ്യാഭ്യാസത്തിന് ശേഷം എംടി ചുരുക്കം ചില സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്‌തു. അതിനിട തളിപ്പറമ്പിൽ ഗ്രാമസേവകനായി ജോലി ലഭിച്ചെങ്കിലും ദിവസങ്ങൾ മാത്രമാണ് അവിടെ ജോലി ചെയ്‌തത്. പിന്നീട് മാതൃഭൂമിയിലായിരുന്നു എംടി ഏറെക്കാലം.
സ്‌കൂൾ പഠനകാലം മുതൽക്കേ എംടി എഴുതിത്തുടങ്ങിയിരുന്നു. കോളജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നു. വിക്‌ടോറിയ കോളജിൽ ബിരുദത്തിനു പഠിക്കുമ്പോൾ 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്‍റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എംടിയുടെ 'വളർത്തുമൃഗങ്ങൾ' എന്ന കഥ ഒന്നാം സ്ഥാനം നേടി.
ആദ്യമായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ആണ് അപ്പുണ്ണിയുടെ കഥ പറഞ്ഞ നാലുകെട്ട്. അപ്പുണ്ണിയുടെ ജീവിതവും അവന്‍റെ അമ്മ താമസിച്ചിരുന്ന നാലുകെട്ടും അപ്പുണ്ണി അവിടെ നിന്ന് അനുഭവിക്കേണ്ടിവന്ന യാതനകളും ഭാരതപ്പുഴയുടെ ഭംഗിയുമെല്ലാം കഥാകാരൻ ആ നോവലിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്. അറിയാതെ തന്നെ നമ്മളും അപ്പുണ്ണിയുടെ ഗ്രാമത്തിലും സ്‌കൂളിലും പാമ്പുകൾ ചൂളം വിളിക്കുന്ന കൈതക്കാട്ടിലും നാലുകെട്ടിനുള്ളിലും വായനയിലൂടെ പ്രവേശിക്കും.
1995 ൽ ഇന്ത്യയിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 'സ്വർഗം തുറക്കുന്ന സമയം', 'ഗോപുരനടയിൽ' എന്നീ കൃതികൾക്ക് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കൃതികളായ 'കാലം' (1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), 'രണ്ടാമൂഴം' (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്) എന്നിവയും പുരസ്‌കാരത്തിന് അര്‍ഹമായ കൃതികളാണ്. തൂലികയിൽ വിരിഞ്ഞ അക്ഷര പൂക്കൾ കൊണ്ട് വായനക്കാരുടെ മനം നിറച്ച അത്ഭുത കലാകാരൻ മലയാളത്തിന് സുകൃതമായ അപൂര്‍വനിധിയായി എന്നും ജ്വലിക്കും.