തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ പ്രതിഭകൾക്ക് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. ഹോമേജ് വിഭാഗത്തിൽ ദേശീയ പുരസ്‌കാര ജേതാവായ ബംഗാളി ചലച്ചിത്രകാരൻ ഉത്പലേന്ദു ചക്രബർത്തിയുടെ ‘ചോഖ്’ , സമാന്തര ഹിന്ദി സിനിമയിലെ അതികായൻ കുമാർ സാഹ്നിയുടെ ‘തരംഗ്‘ എന്നിവ പ്രദർശിപ്പിക്കും. മലയാള സംവിധായകരായ ഹരികുമാറിന്റെ ‘സുകൃതം‘, എം. മോഹന്‍റെ ‘ രചന’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്.
നവതരംഗസിനിമയുടെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് 1948 ൽ ജനിച്ച ഉത്പലേന്ദു ചക്രബർത്തി. 1975 ലെ അടിയന്തരാവസ്ഥ പശ്ചാത്തലമായ ചോഖിൽ , തുണിമില്ലിലെ പ്രതികൂല സാഹചര്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളിയുടെ ജീവിതം അനാവൃതമാക്കപ്പെടുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള 1983 ലെ ദേശീയപുരസ്‌കാരം ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രം ഇന്ന് (14/12/24) നു വൈകുന്നേരം 6:15 ന് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും.
എൺപതുകളിലെ മലയാളസിനിമയെ നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകനാണ് എം മോഹൻ . സ്വാർത്ഥതാല്പര്യങ്ങൾക്കായി , ഭാര്യയെ മറ്റൊരു ബന്ധത്തിന് പ്രേരിപ്പിക്കുന്ന ഒരു എഴുത്തുകാരൻ്റെ ജീവിതമാണ് 1983 ൽ പുറത്തിറങ്ങിയ’ രചന ’യിലെ പശ്ചാത്തലം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്. ചിത്രം ഇന്ന് (14/12/24) നു വൈകുന്നേരം 6 :30 ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനപ്രിയ സിനിമയുടെ സ്ഥിരപാതയിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് സമാന്തരസിനിമയെന്ന പുതുശ്രേണിയിലേക്ക് പാതതീർത്ത ചലച്ചിത്രകാരനാണ് കുമാർ സാഹ്നി . ഒരു കുടുംബത്തിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങളും താളപ്പിഴകളുമാണ് 1984 ൽ പുറത്തിറങ്ങിയ തരംഗിലെ പ്രമേയം. ബെർലിൻ, റോട്ടർഡാം എന്നീ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രം ഡിസംബർ 17 വൈകുന്നേരം 5 മണിക്ക് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും.
മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാർ . 1994 ൽ പുറത്തിറങ്ങിയ ഹരികുമാറിൻ്റെ സുകൃതം , വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിന്‍റെ നിറവ് കണ്ടെത്തിയ ചിത്രമാണ്. കാൻസർ ബാധിതനായ എഴുത്തുകാരനും പത്രപ്രവർത്തകനുമായ രവിശങ്കറിൻ്റെ സംഘർഷാത്മകമായ മാനസികാവസ്ഥയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മികച്ച മലയാള ചിത്രത്തിനും സംഗീതസംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ഡിസംബർ 18 വൈകുന്നേരം 5 :30 ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.
കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. ഇതിനോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും നടത്തും. പ്രദീപ് നായർ എഡിറ്റ് ചെയ്രത 'ദൃശ്യമോഹനം,' പി എം ബിനുകുമാർ എഡിറ്റ് ചെയ്‌ത 'സുകൃതസ്‌മൃതി', ഭാഗ്യലക്ഷ്മി എഡിറ്റ് ചെയ്‌ത കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള 'ഓർമ്മപ്പാട്ടു', ഡോ. രശ്മി ജി ഡോ. അനിൽ കുമാർ കെ എസ് എന്നിവർ രചിച്ച നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര ജീവിതം ആസ്പദമാക്കിയ 'ചരിത്രനായിക', ഓ പി സുരേഷ് എഡിറ്റ് ചെയ്‌ത ചെലവൂർ വേണുവിന്റെ ജീവിതകഥയായ 'സിനിമയുടെ സഹയാത്രികൻ' എന്നിവയാണ് പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾ. മൺമറഞ്ഞകലാകാരന്മാരുടെ സിനിമകൾ കാണാനും ആസ്വദിക്കാനും പ്രേക്ഷകർക്ക് കിട്ടുന്ന അപൂർവ അവസരമാകും ഹോമേജ് വിഭാഗം സമ്മാനിക്കുക.
Also Read:29ാമത് രാജ്യാന്തര ചലച്ചിത്രമേള:സാഹിത്യകാരൻമാരുടെ ഓർമകൾക്ക് ആദരവർപ്പിച്ച് ലിറ്റററി ട്രിബ്യൂട്ട്