മലയാളത്തിൽ ഇറങ്ങുന്ന ചെറിയ സിനിമകൾ, തിയേറ്റർ ലഭ്യമായെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ കളമൊഴിഞ്ഞ ചിത്രങ്ങൾ, ചിത്രീകരണം പൂർത്തിയാക്കിയിട്ടും വെളിച്ചം കാണാനാകാതെ പെട്ടിക്കുള്ളിൽ തന്നെ ഇരിക്കുന്ന സിനിമകൾ എന്നിവയിലേക്കെല്ലാം ശ്രദ്ധ ക്ഷണിക്കുന്ന പുതിയൊരു പദ്ധതിയാണ് 24 ലൈവ് ഒടിടി പ്ലാറ്റ്‌ഫോം. മുകേഷ്, ഉണ്ണി മുകുന്ദൻ എന്നിവർ അണിനിരന്ന കാഥികൻ,സംവിധായകൻ ജയരാജിന്‍റെ പ്രധാനപ്പെട്ട മൂന്ന് സിനിമകൾ എന്നിവ നിർമിച്ച മനോജ് ഗോവിന്ദനാണ് ഈ ആശയത്തിന് പിന്നിൽ. 24 ലൈവ് ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ വർഷം 240ൽ അധികം സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്‌തത്. ഇതിൽ മുൻനിര ഒടിടികളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത് നാൽപതോളം ചിത്രങ്ങൾ മാത്രമാണെന്ന് മനോജ് ഗോവിന്ദൻ ചൂണ്ടിക്കാട്ടുന്നു. മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള മാനദണ്ഡം കൂടുതൽ ദുഷ്‌കരം ആക്കിയതും വലിയ താര പരിവേഷമുള്ള ചിത്രങ്ങൾ മാത്രം പ്രദർശനത്തിന് എടുക്കാൻ തീരുമാനിക്കുകയും ചെയ്‌തതോടെ ചെറിയ ചിത്രങ്ങളുടെ ഒടിടി ഭാവി സത്യത്തിൽ അവതാളത്തിൽ ആവുകയാണ്.
താരമൂല്യമുള്ള ചിത്രങ്ങൾ പോലും തിയേറ്റർ വിജയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് ഇപ്പോൾ കമ്പനികൾ തീരുമാനിക്കുന്നത്. ഒടിടി വരുമാനം പോലും ഇത്തരം വിജയപരാജയങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. വരുമാനം മാറ്റിവച്ചാൽ, ഇരുട്ടിൽ ഇരിക്കുന്ന ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്താനുള്ള വഴി കാട്ടലാണ് 24 ലൈവ് ഒടിടി. ഈയൊരു സംരംഭത്തിലൂടെ വലിയ വരുമാനം എന്നതിലുപരി ചെറുതും കലാമൂല്യവുമുള്ള ചിത്രങ്ങൾക്ക് വേദിയൊരുക്കുക എന്നുള്ള ഉദ്ദേശശുദ്ധിയാണ് കൂടുതലെന്നും മനോജ് ഗോവിന്ദൻ പറയുന്നു.
50% പ്രോഫിറ്റ് ഷെയറിങ്ങിലൂടെയാണ് ചിത്രങ്ങൾ പ്രദർശനത്തിന് എടുക്കുക. ഒടിടി റൺ ചെയ്യാൻ ആവശ്യമായ ക്ലൗഡ് സേവനങ്ങൾക്കുള്ള മുടക്ക് മുതൽ തിരിച്ചുകിട്ടിയാൽ മാത്രം മതിയെന്നാണ് അമരക്കാരന്‍റെ അഭിപ്രായം. കലാമൂല്യമുള്ള സിനിമകൾ ചെയ്യാൻ മുന്നോട്ടുവരുന്ന സംവിധായകർക്കുള്ള കൈത്താങ്ങ് കൂടിയാണ് ഈ സംരംഭം എന്നും മനോജ് ഗോവിന്ദൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു. ഏപ്രിൽ 10 മുതൽ 24 ലൈവ് ഒടിടിയിലൂടെ സിനിമകൾ സ്‌ട്രീമിങ് ആരംഭിക്കും.