തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഇതിനുള്ള കേരള സ്റ്റേറ്റ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ആക്‌ട് ബില്‍ നിയമസഭയില്‍ അവതിപ്പിക്കാനുള്ള നീക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാന സ്വകാര്യ സര്‍വകലാശാല ബില്‍ എന്ന പേരിലുള്ള ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയതും കാരണമാണ് ബില്‍ അടുത്ത നിയമസഭ സമ്മേളനത്തിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ രൂപീകരിച്ച ശ്യാം ബി.മേനോന്‍ കമ്മിഷന്‍റെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നത്. പ്രവേശനത്തിലും നടത്തിപ്പിലും സംവരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ നീതിക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലാവണം സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളുടെ ഫീസ് നിശ്ചയിക്കുന്നതിനായി നിയമിച്ച സമിതിയുടെ മാതൃകയില്‍ സ്വകാര്യ സര്‍വകലാശാലകളുടെ ഫീസ് നിശ്ചയിക്കാനും പ്രത്യേക സംവിധാനമൊരുക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. സ്വകാര്യ സര്‍വകലാശാലകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും കേരളത്തിലും പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ചില മാനേജ്‌മെന്‍റുകള്‍ എയ്‌ഡഡ് പദവി നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്വകാര്യ സര്‍വകലാശാലയായി മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് 80 ശതമാനത്തോളം സേവനങ്ങള്‍ ലഭ്യമാക്കുന്നത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സെന്‍റേഴ്‌സ് ഓഫ് എക്‌സലന്‍സായി ഇതിനകം വളര്‍ന്ന സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ സര്‍വകലാശാലയായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് അനുവാദം നല്‍കാനാണ് സര്‍ക്കാര്‍ ആലോചനയെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
സര്‍വകലാശാല പരിഷ്‌കരണ ബില്ലും പരിഗണനയില്‍: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായ സര്‍വകലാശാലകളുടെ നിയമഭേദഗതിയും ഉണ്ടാകും. പുതിയ ഭേദഗതിയിലൂടെ സെമസ്റ്റര്‍ പരീക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണത്തിനും കൃത്യമായ സമയക്രമം നിശ്ചയിക്കും. കേരള യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കുസാറ്റ്, മലയാളം യൂണിവേഴ്‌സിറ്റി, ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ലോ യൂണിവേഴ്‌സിറ്റി എന്നിങ്ങനെ 9 യൂണിവേഴ്‌സിറ്റികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.