കോഴിക്കോട്: ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൊബേൽ ജേതാക്കളുടെ ഗവേഷണ സംഘത്തിൽ പോലും മലയാളികൾ ഉണ്ട്. എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. ഇൻ-ഹൗസ് എക്‌സലൻസ് നമുക്ക് സാധ്യമാകുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വജിയന്‍ പറഞ്ഞു.
ഗവേഷണ മേഖലയിൽ പ്രവേശിക്കുന്ന ഡോക്‌ടർമാർ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി, ബയോമെഡിക്കൽ ഗവേഷണം ത്വരിതപെടുത്താൻ ആവശ്യപ്പെട്ടു. "മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ഡോക്‌ടർമാർ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും. മെഡിക്കൽ കോളേജുകളിൽ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള എക്കോ സിസ്റ്റം രൂപീകരിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടൽ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് ബിരുദം നേടാൻ കഴിയുന്ന ഏൺ എ സെമെസ്റ്റർ, താല്‌പര്യമുള്ളവർക്ക് ഒരു സെമെസ്റ്റർ മുഴുവൻ ഇന്റേൺഷിപ്, പഠനത്തിനിടയിൽ ഇടവേള, കോഴ്‌സിനിടെ കോളജോ സർവകലാശാലയോ മാറാനുള്ള അവസരം എന്നിവയെല്ലാം സാധ്യമാക്കുന്ന കെ-റീപ് (കേരള റിസോഴ്സ്സ് ഫോർ എജുക്കേഷൻ അഡ്‌മിനിസ്ട്രേഷൻ & പ്ലാനിംഗ്) സംവിധാനം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
"വിദ്യാഭ്യാസ ഇടപെടൽ ആയാസകരമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് കെ-റീപ് സോഫ്റ്റ്‌വെയർ," മുഖ്യമന്ത്രി വിശദമാക്കി. പുതിയ സംവിധാനം വന്നാൽ വിവിധ ആവശ്യങ്ങൾക്കായി സർവകലാശാലകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാപ്യത, തുല്യത എന്നിവയിൽ രാജ്യത്തിനു മാതൃകയായ കേരളം പക്ഷെ ഈ നേട്ടങ്ങളിൽ മാത്രം സംതൃപ്‌തമല്ല. സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആയി തിരിച്ചറിയണം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെന്‍റ് റേഷ്യോയിൽ 10 % നേട്ടമുണ്ടാക്കിയ കേരളത്തിന്‍റെ ഗേൾസ് എൻറോൾമെന്‍റ് റേഷ്യോ 50% ആണ്. എന്നാൽ മികവിന്‍റെയും ഗുണമേന്മയുടെയും കാര്യത്തിൽ ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാർത്ഥിക്കേ നവകേരളം സൃഷ്‌ടിക്കാനാവുകയുള്ളൂ എന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖത്തിൽ വിദ്യാർത്ഥികൾ പറഞ്ഞ അഭിപ്രായങ്ങൾ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകി.