ന്യൂഡല്‍ഹി : 2024-25 അക്കാദമിക് സെഷന്‍റെ ഫീസ് റീഫണ്ട് നയം പ്രഖ്യാപിച്ച് യുജിസി. വിദ്യാര്‍ഥികള്‍ക്ക് താത്‌പര്യമുള്ള കോഴ്‌സ് തെരഞ്ഞെടുക്കുന്നതിന്, കുറഞ്ഞ കാലയളവിനുള്ളില്‍ മുഴുവന്‍ ഫീസുകളും തിരികെ നല്‍കണമെന്നാണ് നിര്‍ദേശം. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നയം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും യുജിസി അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് യുജിസി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്‌ത ശേഷം ഫീസ് തിരിച്ച് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയെന്ന് യുജിസി സെക്രട്ടറി പ്രൊഫ. മനീഷ് ആർ ജോഷി പറഞ്ഞു. 2024 മെയ് 15ന് നടന്ന 580ാമത് യോഗത്തില്‍ കമ്മിഷന്‍ ഈ വിഷയം പരിഗണിച്ചിരുന്നു.
വിഷയം ചര്‍ച്ച ചെയ്‌തതിന് പിന്നാലെയാണ് റീഫണ്ട് നയം പ്രഖ്യാപിച്ചത്. 2024 സെപ്‌റ്റംബര്‍ 30 വരെ നടത്തിയ അഡ്‌മിഷനുകളുടെയും റദ്ദാക്കലുകളുടെയും മുഴുവന്‍ ഫണ്ടും നല്‍കണം. പ്രൊസസിങ് ഫീസായ 1000 രൂപ ഒഴികെയുള്ള മുഴുവന്‍ തുകയും നല്‍കണമെന്നാണ് യുജിസി കത്തില്‍ പറയുന്നത്. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും യുജിസി പറയുന്നു. 2024 ഒക്‌ടോബര്‍ 3ന് ശേഷം ആരംഭിക്കുന്ന അഡ്‌മിഷനുകള്‍ക്ക് 2018 ഓക്‌ടോബറില്‍ പുറപ്പെടുവിച്ച യുജിസി വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും കത്തില്‍ പറയുന്നു.
Also Read: യുജിസി നെറ്റ് 2024: ഷെഡ്യൂൾ പുറത്ത്; പരീക്ഷ ജൂൺ 18ന്