ന്യൂഡൽഹി: യുജിസി നെറ്റ് 2024 ജൂൺ പരീക്ഷ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ജൂൺ 18ന് രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുക. രാവിലെ 9.30 മുതൽ 12.30 വരെ ആദ്യ ഷെഡ്യൂളും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാം ഷെഡ്യൂളും നടക്കും.
പരീക്ഷയുടെ പൂർണമായ ഷെഡ്യൂൾ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ugcnet.nta.ac.in. പരിശോധിക്കാവുന്നതാണ്. പരീക്ഷ കേന്ദ്രം (സിറ്റി ഇന്‍റിമേഷൻ സ്ലിപ്) സംബന്ധിച്ച അറിയിപ്പ് പരീക്ഷയുടെ 10 ദിവസങ്ങൾക്ക് മുമ്പ് https://ugcnet.nta.ac.in, www.nta.ac.in വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കും. എട്ടാം തീയതിയോടെ സിറ്റി ഇന്‍റിമേഷൻ സ്ലിപ് പ്രതീക്ഷിക്കാം.
ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്‌ക്കായാണ് പരീക്ഷ നടത്തുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് അവാർഡ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, ഇന്ത്യൻ സർവകലാശാലകളിലെയും കോളജുകളിലെയും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പടെ വിവിധ അക്കാദമിക് കാര്യങ്ങൾക്കുള്ള യോഗ്യത നിർണയിക്കുന്ന നിർണായക പരീക്ഷയാണ് യുജിസി-നെറ്റ്.
2018 ഡിസംബർ മുതൽ കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡിലാണ് പരീക്ഷ നടത്തുന്നത്. എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിൽ രണ്ടുതവണയായാണ് യുജിസി-നെറ്റ് പരീക്ഷ നടത്തുക. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ അസിസ്റ്റൻ്റ് പ്രൊഫസർക്കുള്ള യോഗ്യത യുജിസി-നെറ്റിൻ്റെ പേപ്പർ-1, പേപ്പർ-2 എന്നിവയിലെ ഉദ്യോഗാർഥിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.
അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യത മാത്രം നേടുന്ന ഉദ്യോഗാർഥികളെ ജെആർഎഫ് അവാർഡിന് പരിഗണിക്കാൻ അർഹതയില്ല. അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ, അസിസ്റ്റൻ്റ് പ്രൊഫസർ റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ട സർവകലാശാലകൾ/കോളജുകൾ/സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്.