തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം പേർ വിജയിച്ചു. 71831 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം റവന്യൂ ജില്ലയിലാണ് (99.92%). കുറവ് തിരുവനന്തപുരത്തും.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ പരീക്ഷാഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇതിനായി https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
സംസ്ഥാനമൊട്ടാകെ 970 സെന്‍ററുകളിലായി 427153 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 425563 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 3227 പേർ കൂടി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ആറ്റിങ്ങലാണ് ഏറ്റവും കൂടുതൽ വിജയികളുള്ള വിദ്യാഭ്യാസ ജില്ല. 99 ശതമാനം വിജയം.
മലപ്പുറത്തെ പികെഎംഎംഎച്ച്എസ്എസ് സ്‌കൂളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്. 2085 പേരാണ് സ്‌കൂളില്‍ പരീക്ഷക്കെത്തിയത്. കഴിഞ്ഞ വർഷവും ഇതേ സ്‌കൂളിലായിരുന്നു ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 11 ദിവസം മുമ്പാണ് ഇത്തവണ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 99.7 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. എന്നാല്‍ ഇത്തവണ വിജയ ശതമാനത്തില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്.
ഗള്‍ഫില്‍ ഇത്തവണ 7 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 533 പേര്‍ പരീക്ഷയൊഴുതിയതില്‍ 516 പേര്‍ വിജയിച്ചു. അതേസമയം ലക്ഷദ്വീപിലെ പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ 285 പേരില്‍ 277 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷ്വദ്വീപിൽ 6 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ: മെയ് 9 മുതൽ മെയ് 15 വരെ വിദ്യാര്‍ഥികള്‍ പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകാം. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടക്കും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ: എസ്‌എസ്‌എല്‍സി പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മെയ് 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്‌മെന്‍റും ജൂണ്‍ 5ന് ആദ്യ അലോട്ട്‌മെന്‍റും നടക്കും. രണ്ടാം അലോട്ട്‌മെന്‍റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്‍റ് ജൂണ്‍ 19നും ഉണ്ടാകും.
ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരത്തെയാണ് ഇത്തവണ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ജൂലൈ 9നാണ് ക്ലാസുകള്‍ തുടങ്ങിയത്. പട്ടിക വർഗ വികസന വകുപ്പിന് കീഴിലെ സ്‌കൂളുകളിലെ പ്രവേശനം ഇത്തവണ ഓൺലൈനായാണ് നടക്കുക. 61859 പ്ലസ് വൺ സീറ്റുകൾ മാർജിനൽ സീറ്റ് വർധനവിലൂടെ ലഭ്യമാകും. ജൂലൈ 15ന് പ്രവേശന നടപടികള്‍ അവസാനിക്കും.
പരീക്ഷ നടത്തിപ്പില്‍ വൻ നടപടിക്രമം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എസ്‌എസ്‌എല്‍സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്‍റെ പരിശീലനം ഈ വര്‍ഷം മുതല്‍ ആരംഭിക്കും. മെയ് 14 മുതലാണ് പരിശീലനം.
അടുത്ത വര്‍ഷം മുതല്‍ പരീക്ഷ നടത്തിപ്പ് രീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കാര്യങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുന്നതിനാണ് ഇത്തരം നടപടികളെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എഐ പരീശീലനത്തെ കുറിച്ച് പ്രതികരണം: സംസ്ഥാനത്ത് 8000ത്തോളം അധ്യാപകര്‍ക്ക് എഐ പരിശീലനം നല്‍കി. ഒന്നാം ക്ലാസ് മുതല്‍ എഐ പരിശീലനം ആവശ്യമാണ്. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പോലും എഐയെ കുറിച്ച് ധാരണയുണ്ടെന്നും മന്ത്രി പറഞ്ഞു.