തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. പുസ്‌തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മാര്‍ച്ച് മാസം 12 ആം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് ആവശ്യമായ 1,43,71650 (ഒരു കോടി നാല്‍പത്തിമൂന്ന് ലക്ഷത്തി എഴുപത്തിയൊന്നായിരത്തി അറൂന്നൂറ്റി അമ്പത്) പാഠപുസ്‌തകങ്ങളുടെ അച്ചടിയാണ് പൂര്‍ത്തിയായതെന്ന് മന്ത്രി വിശദീകരിച്ചു. പാഠപുസ്‌തകങ്ങളില്‍ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവയും ഉള്‍പ്പെടും.
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള 2024-25 വര്‍ഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ 2,09,72250 (രണ്ട് കോടി ഒമ്പത് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത്) പാഠപുസ്‌തകങ്ങളുടെ അച്ചടി മെയ് മാസം ആദ്യ ആഴ്‌ച പൂര്‍ത്തിയാകും. ഇവയുടെ വിതരണോദ്ഘാടനം മെയ് മാസം പത്തിനുള്ളില്‍ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്: വായന പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം യാഥാര്‍ത്യമാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിന്‍റെ ഭാഗമായി പ്രിന്‍റ് മീഡിയാ ചീഫ് എഡിറ്റര്‍മാരുടെ യോഗം മാര്‍ച്ച് 12 ന് വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ പുസ്‌തകങ്ങളും വര്‍ത്തമാനപത്രങ്ങളും നിരന്തരം വായിക്കാന്‍ ഈ നടപടി വഴി സാധ്യമാകുന്നാണ് സര്‍ക്കാര്‍ കരുതുന്നത്.