ന്യൂഡല്‍ഹി: പരീക്ഷയുടെ സമ്മര്‍ദ്ദമില്ലാതാക്കി വിദ്യാര്‍ഥികള്‍ക്ക് മനക്കരുത്തുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'പരീക്ഷ പേ ചര്‍ച്ച' ഇന്ന് നടക്കും. ചര്‍ച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടക്കുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്യും. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാകും പരിപാടി.
ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രിക്കൊപ്പം 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും രണ്ട് വിദ്യാർഥികളും ഓരോ അധ്യാപകരും വീതം പ്രത്യേക അതിഥികളാകും.
കോടിക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഡിജിറ്റലായും പങ്കെടുക്കും. ഇത്തവണ 2 കോടി 25 ലക്ഷം പേര്‍ പരിപാടിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതില്‍ 14 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ അധ്യാപകരുടേതാണ്. അഞ്ച് ലക്ഷത്തിലധികം മാതാപിതാക്കളും ഏഴാം പതിപ്പിൽ പങ്കെടുക്കാന്‍ രജിസിട്രേഷൻ പൂർത്തിയാക്കി.
ആത്മവിശ്വാസം വർധിപ്പിച്ചു: ഇതുവരെ നടന്നിട്ടുള്ള പരീക്ഷ പേ ചർച്ചകൾ രാജ്യത്തെ വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പരിപാടി അവരെ സമ്മർദ്ദം നിയന്ത്രിക്കാനും, ആരോഗ്യത്തോടെ ഇരിക്കാനും സഹായിച്ചു. വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു ദേശീയ വേദിയായി ഈ സംരംഭം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പരിപാടിയുടെ ഭാഗമാകുന്നതിടെ പുതു തലമുറയ്ക്ക് ആത്മവിശ്വാസമുണ്ടാകും. അവർ ഇത് ഇഷ്‌ടപ്പെടുന്നു. വിദ്യാർഥികൾ പരിപാടി കാണാനുള്ള ആകാംക്ഷയിലാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പ്രധാനമന്ത്രി മോദി സ്വയം അപ്‌ഡേറ്റ് ചെയ്യുന്നു. ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിക്കുന്നതായും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേര്‍ത്തു.
പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ വിദ്യാര്‍ഥികളിലുള്ള പരീക്ഷ പേടിയും ഉത്‌കണ്‌ഠയും അകറ്റാന്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16 നാണ് നടന്നത്. വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പും ചേര്‍ന്നാണ് കഴിഞ്ഞ ആറ് വര്‍ഷമായി പരിപാടിയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
പരീക്ഷ പേ ചര്‍ച്ചയുടെ ഭാഗമായി രാജ്യ വ്യാപകമായി നിരവധി പരിപാടികൾ ഇതിനോടകം സംഘടിപ്പിക്കപ്പെട്ടു. 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും, 122 നവോദയ വിദ്യാലയങ്ങളിലും 60,000 ത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചിരുന്നു.
പരീക്ഷ പേ ചര്‍ച്ച രാജ്യത്തെ സ്‌കൂളുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദൂരദർശനിൽ തത്സമയ സംപ്രേഷണവും ഓൾ ഇന്ത്യ റേഡിയോയിലൂടെ തത്സമയ പ്രക്ഷേപണവുമുണ്ടാകും. പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവയുടെ യൂട്യൂബ് ചാനലുകളിലും ഫേസ്ബുക് പേജിലും ചർച്ച തത്സമയം സ്ട്രീം ചെയ്യും.