തിരുവനന്തപുരം : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി, പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 5 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ജൂൺ 19 നാണ് പി ജി ക്ലാസുകൾ ആരംഭിക്കുന്നത്. വിശദവിവരങ്ങൾ അറിയാം.
പ്രവേശനം ഈ പ്രോഗ്രാമുകളിലേക്ക് : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024 - 25 അധ്യയന വർഷത്തെ എംഎ, എംഎസ്‌സി, എംഎസ്‌ഡബ്ല്യു, എംഎഫ്എ, എംപിഇഎസ്, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെയ് 5 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ നൽകാം.
പ്രവേശന പരീക്ഷ മെയ് 15 മുതൽ : മെയ് 15 മുതൽ 18 വരെ സർവകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് പ്രവേശന പരീക്ഷകൾ നടക്കുന്നത്. മെയ് 9 വരെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. റാങ്ക് ലിസ്‌റ്റ് മെയ് 30ന് പ്രസിദ്ധീകരിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം : എംഎ, എംഎസ്‌സി, എംഎസ്‌ഡബ്ല്യു കോഴ്‌സുകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 19 ന് പി ജി ക്ലാസുകള്‍ ആരംഭിക്കും.
അപേക്ഷ എങ്ങനെ സമർപ്പിക്കാം : മെയ് അഞ്ച് വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ ഫീസും ഓൺലൈനായി തന്നെ അടയ്ക്കാം. www.ssus.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളും വെബ്സൈറ്റ് വഴി ലഭ്യമാകും. ഒന്നിൽ കൂടുതൽ പി ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി ജി പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് ആണ് അടയ്‌ക്കേണ്ടത്.