രാജസ്ഥാൻ: രാജ്യത്തെ പ്രധാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാം മെയിൻ (JEE MAIN 2024) ൻ്റെ ഓൺലൈൻ അപേക്ഷ തീയതി നീട്ടി. ഏപ്രിൽ സെഷനിലേക്കുള്ള റെജിസ്ട്രേഷൻ തീയതി മാർച്ച് 4 വരെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീട്ടിയത് (NTA Extended The Online Registration Date Of JEE MAIN). നേരത്തെ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 2 വരെയായിരുന്നു.
മാർച്ച് നാല് രാത്രി 10.50 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് കോട്ട വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ അറിയിച്ചു. എന്നാൽ രാത്രി 11:50 വരെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയവയിലൂടെ ഓൺലൈനായി പരീക്ഷ ഫീസ് അടക്കാൻ കഴിയും.
ഓൺലൈൻ അപേക്ഷകളിലെ പിഴവുകൾ തിരുത്താനും സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് 6, 7 തീയതികളിൽ തങ്ങളുടെ ഓൺലൈൻ അപേക്ഷയിലെ പിഴവുകൾ തിരുത്താമെന്ന് ദേവ് ശർമ്മ പറഞ്ഞു.
പിഴവുകൾ തിരുത്താനായി വിൻഡോ തുറക്കും. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ +91-11-40759000 എന്ന നമ്പറിലേക്ക് വിളിക്കുകയോ jeemain@nta.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം. ഇതിനു പുറമെ www.nta.ac.in or https://jeemain.nta എന്നീ വെബ്‌സൈറ്റ് സന്ദർശിക്കാനും എൻ ടി എ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.