നീറ്റ് യുജി 2024 അടിസ്ഥാനമാക്കി എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എംസിസി) (ഓൾ ഇന്ത്യ ക്വാട്ട ഉൾപ്പെടെയുള്ള അലോട്ട്മെൻ്റുകൾ), സംസ്ഥാന ഏജൻസികളും (സ്റ്റേറ്റ് ക്വാട്ട അലോട്ട്മെൻ്റ്) നടത്തുന്ന അലോട്ട്മെൻ്റുകളുടെ സമയക്രമം മാറ്റി.
എംസിസി രണ്ടാം റൗണ്ട് നടപടികൾ സെപ്‌റ്റംബർ 19 വരെയും പ്രവേശനം 27-നകവുമാണ്. സ്ഥാപനങ്ങൾ പ്രവേശനവിവരം എംസിസിയുമായി സെപ്‌റ്റംബർ 28നും 30നും ഇടയ്ക്ക് പങ്കുവയ്‌ക്കണം. സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട അലോട്ട്മെൻ്റ് നടപടികൾ സെപ്‌റ്റംബർ 27 വരെയാണ്.
സംസ്ഥാന രണ്ടാംഘട്ട അലോട്ട്മെൻ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഒക്ടോബർ അഞ്ച് വരെയാണ്. പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ ഒക്ടോബർ ആറിനും എട്ടിനും ഇടയ്ക്ക് എംസിസിയുമായി പങ്കുവയ്‌ക്കണം. എംസിസി മൂന്നാംറൗണ്ട് നടപടികൾ ഒക്ടോബർ മൂന്നു മുതൽ 11 വരെയാണ്. പ്രവേശനം ഒക്ടോബർ 18 നകം വിദ്യാർഥികൾ നേടണം. പ്രവേശന വിവരങ്ങൾ 19, 20 തീയതികളിലായി എംസിസിക്ക് കൈമാറേണ്ടതായിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ മൂന്നാംറൗണ്ട് അലോട്ട്മെൻ്റ് നടപടികൾ ഒക്‌ടോബർ ഒൻപതു മുതൽ 18 വരെയായിരിക്കും. മൂന്നാം അലോട്ട്മെൻ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഒക്ടോബർ 23നകം തന്നെ പൂർത്തിയാക്കണം. മൂന്നാംറൗണ്ടിൽ പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ ഒക്‌ടോബർ 24ന് എംസിസിയുമായി പങ്കുവയ്‌ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: mcc.nic.in