ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് എൻഡിഎ പ്രസിദ്ധീകരിച്ചു. സെന്‍റർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം പുറത്തിറക്കിയത്. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികൾക്കും എൻഡിഎ നീറ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEET/ ൽ ഫലം പരിശോധിക്കാം. കൂടാതെ neet.ntaonline.in എന്ന വെബ്‌സൈറ്റ് വഴിയും ഫലം അറിയാനാകും.
ജൂലൈ 20 ന് 12 മണിക്ക് മുൻപ് എൻഡിഎ വെബ്‌സൈറ്റിൽ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. അത് എൻഡിഎ പാലിച്ചു. ഓരോ സെന്‍ററിലും പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ച മാർക്ക് എത്രയാണെന്ന പട്ടിക എൻഡിഎ നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സുപ്രീംകോടതി മാർക്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. അതേസമയം വിദ്യാർഥികളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തരുതെന്നും സുപ്രീം കോടതി ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നീറ്റ് യുജി പരീക്ഷാഫലം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടത്. നീറ്റ് - യുജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാല് മെഡിക്കൽ വിദ്യാർഥികളെ എയിംസിൽ നിന്ന് സിബിഐ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതുവരെ അറസ്‌റ്റിലായ വിദ്യാർഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവാർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്ന് സിബിഐ പറഞ്ഞു.
വിദ്യാർഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് നടപടിയെടുക്കുമെന്ന് എയിംസ് പട്‌ന ഡയറക്‌ടർ ഡോ ഗോപാൽ കൃഷ്‌ണ പാൽ പറഞ്ഞു. ഈ വർഷം മെയ് 5 ന് 4750 കേന്ദ്രങ്ങളിലായാണ് എൻടിഎ നീറ്റ് യുജി പരീക്ഷ നടത്തിയത്. നീറ്റ് യുജി ഫലം 2024 ജൂൺ 4 ന് പ്രഖ്യാപിച്ചിരുന്നു. ബാധിതരായ വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ ജൂൺ 23 നും അതിന്‍റെ ഫലം 2024 ജൂൺ 30 നും പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷം ഉദ്യോഗാർഥികളാണ് ഈ വർഷം മെയിൻ പരീക്ഷയെഴുതിയത്. അതിൽ 1,563 പേർ വീണ്ടും പരീക്ഷയെഴുതി.
Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ മൂന്ന് ഡോക്‌ടര്‍മാര്‍ സിബിഐ കസ്റ്റഡിയില്‍