ന്യൂഡൽഹി : ജൂൺ 22-ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതികൾ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) പ്രഖ്യാപിച്ചു. നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്നാണ് എൻബിഇഎംഎസ് അറിയിച്ചിരിക്കുന്നത്.
പരീക്ഷയ്ക്ക് 12 മണിക്കൂർ മാത്രം ശേഷിക്കെയാണ് നേരത്തെ മാറ്റിവച്ചത്. മുൻകരുതൽ നടപടിയായി പരീക്ഷ മാറ്റിവയ്‌ക്കുന്നു എന്ന് മാത്രമാണ് അധികൃതര്‍ അറിയിച്ചത്. സർക്കാർ അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ബിരുദാനന്തര മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടക്കുന്നതാണ് നീറ്റ്-പിജി 2024. യോഗ്യത നേടാനുള്ള കട്ട് ഓഫ് മാര്‍ക്ക് ഓഗസ്റ്റ് 15-ന് പ്രഖ്യാപിക്കും.
മെയ് 5-ന് നടന്ന നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളെ തുടർന്നാണ് സർക്കാർ നീറ്റ് പിജി പരീക്ഷകൾ മാറ്റിവച്ചത്. നീറ്റ്-യുജി പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ക്രമക്കേടുകളുടെ പേരിൽ വിമർശനം നേരിടുകയാണ്. പരീക്ഷയിലെ ക്രമക്കേട് രാജ്യത്തുടനീളം പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
അതേസമയം, നീറ്റ്-യുജി പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടും ആരോപിച്ചുള്ള ഹർജികൾ ജൂലൈ എട്ടിന് സുപ്രീം കോടതി പരിഗണിക്കും.