ഹൈദരാബാദ്: അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം. പഠനം പൂര്‍ത്തിയാക്കി വിദേശത്തെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിരവധി പേര്‍ ദുരിതത്തില്‍. രണ്ടര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു പ്രതിസന്ധിക്ക് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.
വലിയ പ്രതീക്ഷയോടെ ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയിട്ടും വഴിയോരങ്ങളിൽ അലയേണ്ടി വരുന്നത്. ഒരു വശത്ത് ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ, മറുവശത്ത് ജോലി എപ്പോൾ ലഭിക്കുമെന്നറിയാത്ത ആശങ്ക.
ജോലി ലഭിക്കുന്നില്ലെന്ന് മാത്രമല്ല നാലോ അഞ്ചോ വർഷമായി ജോലി ചെയ്യുന്നവരെ സോഫ്റ്റ്‌വെയർ കമ്പനികൾ പിരിച്ചുവിടുന്നതും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ പലര്‍ക്കും ആഗ്രഹിച്ച ജോലിയും ലഭിച്ചിട്ടില്ല. പകരം പലരും ഹോട്ടലുകളിലും പെട്രോൾ പമ്പുകളിലും ജോലി ചെയ്യേണ്ട അവസ്ഥയാണ്.
തെലങ്കാനയിൽ നിന്നുള്ള വെങ്കട്ട് ആറ് വർഷം മുമ്പ് ഐഐടിയിൽ നിന്ന് എഞ്ചിനീയറിങ് പാസായി. അമേരിക്കയിൽ നിന്ന് എംഎസ് കഴിഞ്ഞ് അവിടെ ഒരു വലിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയും അതോടൊപ്പം എച്ച്-വൺ ബി വിസയും ലഭിച്ചു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഒന്നര വർഷം മുമ്പ് കമ്പനി അദ്ദേഹത്തെ പുറത്താക്കി. മറ്റൊരിടത്തും ജോലി ലഭിക്കാത്തതിനാൽ ഇപ്പോൾ ഒരു വർഷമായി വെങ്കട്ട് ന്യൂജേഴ്‌സിയിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണ്.
ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിക്ക് എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം 40 ലക്ഷം രൂപയുടെ പാക്കേജിൽ ഒരു പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജോലി വാഗ്‌ദാനം ചെയ്‌തു. എന്നാൽ അത് വേണ്ടാന്ന് വച്ചിട്ടാണ് അമേരിക്കയിലേക്ക് പോയത്. ഈയിടെയാണ് എംഎസിൽ പഠനം പൂർത്തിയാക്കിയത്. എന്നാൽ ജോലി ലഭിക്കാതെ ഏതാനും മാസങ്ങളായി പ്രയാസത്തിലാണ്.
ജോലി കിട്ടാൻ അവിടെ പഠിക്കണം: അമേരിക്കയിലെ സോഫ്‌റ്റ്‌വെയർ കമ്പനികളിൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് നമ്മുടെ നാട്ടിൽ നിന്നുള്ള വിദ്യാർഥികൾ എല്ലാ വർഷവും അവിടെ പോകുന്നത്. അങ്ങനെ, 2022-23 വർഷത്തിൽ ഏകദേശം രണ്ട് ലക്ഷം പേർ നാട് വിട്ടു. ഇതിൽ 45,000 മുതൽ 55,000 വരെ തെലുങ്ക് വിദ്യാർഥികളുണ്ടെന്ന് കൺസൾട്ടൻസി സ്ഥാപനങ്ങളുടെ പ്രതിനിധികൾ പറയുകയുണ്ടായി.
അമേരിക്കയിലേക്ക് പോകുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ സയൻസും അതുമായി ബന്ധപ്പെട്ട എംഎസിലുളള കോഴ്‌സുകളും പഠിക്കാനാണ് ഇഷ്‌പ്പെടുന്നത്. രണ്ട് വർഷം മുമ്പ് വരെ അമേരിക്കയിൽ എംഎസ് ചെയ്‌തവരിൽ 85 ശതമാനം പേർക്ക് അവിടെ തന്നെ ജോലി ലഭിച്ചു.
തൊഴിലില്ലായ്‌മ ഒരു പ്രശ്‌നമാകാൻ കാരണം: കൊവിഡ് 19ൻ്റെ പ്രഭാവം 2020ൽ ആരംഭിച്ച് ഒന്നര വർഷത്തിലേറെയായി തുടർന്നു. രണ്ടുതവണ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം അമേരിക്കയിലെ എല്ലാത്തരം വ്യവസായങ്ങളും സ്‌തംഭിച്ചു. കമ്പനികളെ സംരക്ഷിക്കാനായി സർക്കാർ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചതിനാൽ 2021-22ൽ കമ്പനികൾക്ക് വൻ തുക ലഭിക്കുവാനിടയായി.
ബാങ്കുകൾ കുറഞ്ഞ പലിശയ്ക്ക് ആയിരക്കണക്കിന് കോടി രൂപ വായ്‌പ നൽകുകയും പല കമ്പനികളും അത് വലിയ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. കൊവിഡിൻ്റെ പ്രഭാവം കുറഞ്ഞതോടെ അമേരിക്കയിൽ സർക്കാർ നൽകിക്കൊണ്ടിരുന്ന പാക്കേജുകൾ നിർത്തിവച്ചു. ആ സമയത്ത് വ്യാവസായിക മേഖല കാര്യമായി ഉണർന്നിട്ടില്ലായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് വിവിധ സംഘടനകൾക്കും വ്യക്തികൾക്കും നൽകിയ വായ്‌പകൾ തിരിച്ചടക്കാത്തതിനാൽ തന്നെ ബാങ്കുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. അങ്ങനെ ബാങ്കുകൾ കടം നല്‍കുന്നതും നിർത്തി. അവർ പലിശ നിരക്ക് മൂന്ന് മുതൽ നാല് ശതമാനത്തിൽ നിന്ന് പരമാവധി എട്ട് ശതമാനമായി ഉയർത്തി. അമേരിക്കൻ ചരിത്രത്തിൽ തന്നെ പലിശ നിരക്ക് ഇത്രയും ഉയർന്നിട്ടുണ്ടായിരുന്നില്ല. വ്യാവസായിക മേഖലയെ ഇത് വലിയ തോതിൽ ബാധിച്ചു.
ഈ സാഹചര്യത്തിൽ ഐടി കമ്പനികൾക്കുള്ള ഓർഡറുകൾ പെട്ടെന്ന് കുറഞ്ഞു. ചെയ്യാനുളള ജോലിയേക്കാൾ കൂടുതൽ തൊഴിലാളികളുടെ എണ്ണം കൂടി. 2023 മാർച്ച് മുതൽ കൊവിഡ് കാലത്ത് നിയമിച്ച ജീവനക്കാരെ ഐടി കമ്പനികൾ പിരിച്ചുവിടാനായി തുടങ്ങി. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ വൻതോതിൽ പിരിച്ചുവിട്ടു. ചില കമ്പനികൾ ശമ്പളം വെട്ടിക്കുറച്ചു.
മുമ്പ് ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകിയിരുന്ന ഐടി കമ്പനികൾ ഇപ്പോൾ നൂറുകണക്കിന് ആളുകളെ നിയമിക്കുന്നു. ഈ സംഭവവികാസങ്ങളെല്ലാം ഇന്ത്യ വിട്ടവരെ ബാധിച്ചു. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് പോയ ആയിരക്കണക്കിന് ആളുകൾക്ക് എംഎസ് കഴിഞ്ഞിട്ടും ഇപ്പോൾ ജോലി ലഭിക്കുന്നില്ല.
താമസം പ്രയാസമേറിയത്: അമേരിക്കയിലെ നിയമം അനുസരിച്ച് എംഎസ് പൂർത്തിയാക്കിയ ഉടൻ തന്നെ വിദ്യാർഥിയുടെ പേരിൽ ഒപിറ്റി ഐ 20 (ഓപ്ഷണൽ പ്രാക്‌ടിക്കൽ ട്രെയിനിങ്) നൽകുന്നു. ഏത് സർവകലാശാലയിലാണോ വിദ്യാർഥി പഠിച്ചത് അവരാണ് നൽകുന്നത്. അതിനുശേഷം എംപ്ലോയ്‌മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റിന് (ഇഎഡി) ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കണം. ഇഎഡിക്ക് അംഗീകാരം ലഭിച്ച് മൂന്ന് മാസത്തിനകം ഏതെങ്കിലും ജോലിയിൽ ചേരണം അല്ലാത്തപക്ഷം രാജ്യം വിടുക എന്നതാണ് നിയമം.
എന്നിരുന്നാലും യൂണിവേഴ്‌സിറ്റി ഫീസ് അടയ്ക്കുന്നതിനായി 20 ലക്ഷം മുതൽ കോടി രൂപ വരെയാണ് വിദ്യാർഥികൾ ബാങ്കുകളിൽ നിന്ന് വായ്‌പയെടുക്കുന്നത്. നാട്ടിൽ വന്ന ശേഷം ഇവിടെയും ജോലി ലഭിച്ചില്ലെങ്കില്‍ സാമ്പത്തിക സ്ഥിതി തകിടം മറിയും. അതുകൊണ്ടാണ് അവർ എങ്ങനെയെങ്കിലും അമേരിക്കയിൽ തുടരാനായി ശ്രമിക്കുന്നത്.
എംഎസ് പൂർത്തിയാക്കാതിരിക്കാൻ ചിലർ ഒന്നോ രണ്ടോ വിഷയങ്ങൾ ഉപേക്ഷിക്കുകയാണ്. മറ്റുള്ളവർ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുടെ ഗവേഷണ സഹായികളായി ചേരുന്നു. എന്നാൽ ഇതിന് ശമ്പളമില്ല. എന്നിരുന്നാലും പ്രൊഫസർ നൽകുന്ന രേഖയുമായി ഒരു വർഷം അമേരിക്കയിൽ തുടരാനാകും.
മറ്റുള്ളവർ കൺസൾട്ടൻ്റുമാരെ ബന്ധപ്പെട്ട് അവർ എവിടെയോ ജോലി ചെയ്യുന്നുണ്ടെന്ന് കാട്ടി സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നു. പ്രശ്‌നം അവരെ വല്ലാതെ അലട്ടുന്നുണ്ടെങ്കിലും വർഷം തോറും അമേരിക്കയിൽ പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
സർക്കാർ പിന്തുണ ലഭിച്ചാൽ മാറ്റം സാധ്യമാകും: നവംബറിലാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ബൈഡനും ഡൊണാൾഡ് ട്രംപും മത്സരിക്കാനാണ് സാധ്യത. പുതിയ സർക്കാർ വന്നശേഷം വ്യവസായ മേഖലയെ പിന്തുണച്ചാൽ മാത്രമെ സ്ഥിതി മാറൂവെന്നാണ് വിദഗ്‌ധർ കരുതുന്നത്. മുമ്പ് ട്രംപ് ഇത്തരത്തിൽ പിന്തുണ നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വ്യവസായ മേഖലയ്ക്ക് വീണ്ടും കൈത്താങ്ങാകുമെന്നും പ്രതീക്ഷയുണ്ട്.