തിരുവനന്തപുരം : പുതിയ അധ്യാന വർഷം തുടങ്ങാൻ 81 ദിവസം ശേഷിക്കേ പാഠപുസ്‌തകങ്ങൾ സ്‌കൂളിലെത്തിച്ച് ചരിത്രം സൃഷ്‌ടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. 2,4,6,8,10 ക്ലാസുകളിലേക്കുള്ള മലയാളം,ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1,43,71,650 പാഠപുസ്‌തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. പാഠപുസ്‌തകങ്ങളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒരു അധ്യായന വർഷം അവസാനിക്കുന്നതിന് മുൻപേ അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്‌തകങ്ങൾ എത്തുന്നത് ഇത് ആദ്യമായാണ്.
ലോക്‌സഭ ഇലക്ഷൻ കൂടി മുന്നിൽ കണ്ടാണ് പുസ്‌തകത്തിന്‍റെ വിതരണം ആരംഭിച്ചത്. ഓണം എത്തി പാഠപുസ്‌തകം എത്തിയില്ല എന്ന വിലാപത്തിന് ഇനി പ്രസക്തിയില്ലെന്നും പാഠപുസ്‌തകത്തിന്‍റെ ഫോട്ടോസ്‌റ്റാറ്റിനായി ആരും ഓടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 1, 3, 5, 7, 9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങൾ മെയ് ആദ്യം വിതരണം ചെയ്യും. പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽപതിപ്പും ലഭ്യമാക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് എന്നും സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് കാരണം ഇതാണെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.