കൊച്ചിൻ പോര്‍ട്ട് അതോറിറ്റിയിലും കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്‍റെ (എച്ച്‌സിഎസ്‌എല്‍) കൊല്‍ക്കത്ത യൂണിറ്റിലും ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. ഇലക്‌ട്രിക് സൂപ്പര്‍വൈസര്‍, ഇലക്‌ട്രീഷ്യൻ/ടെക്‌നീഷ്യൻ ഉള്‍പ്പടെ അഞ്ച് തസ്‌തികകളിലേക്കാണ് ഒഴിവുകള്‍. ഇരുപത്തൊന്നോളം ഒഴിവുകളുണ്ട്.
- കൊച്ചിൻ പോര്‍ട്ടിലെ ഒഴിവുകൾ
ഇലക്‌ട്രിക് സൂപ്പര്‍വൈസര്‍: ഒഴിവ് - 4 (യുആര്‍-3, ഒബിസി-1) കരാറടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 30,000 രൂപയാണ് മാസ ശമ്പളം.
യോഗ്യത& പരിചയം: ഇലക്‌ട്രിക്&ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിങ്ങില്‍ ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമയും ഹൈ-ടെൻഷൻ (HT) സബ്‌സ്റ്റേഷനുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. 40 വയസാണ് പ്രായപരിധി.
ഇലക്‌ട്രീഷ്യൻ/ടെക്‌നീഷ്യൻ: ഒഴിവ് - 11 (യുആര്‍-7, ഒബിസി-2, എസ് സി-1, ഇഡബ്ല്യുഎസ്-1). കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം മൂന്ന് വര്‍ഷത്തേക്ക്. 23,000 രൂപയാണ് മാസ ശമ്പളം. യോഗ്യത: ഐടിഐ ഇലക്‌ട്രീഷ്യൻ ട്രേഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഹൈ-ടെൻഷൻ (HT), ലോ ടെൻഷൻ (LT) സബ്‌സ്റ്റേഷനുകളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കാൻ
കൊച്ചിൻ പോര്‍ട്ടിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cochinport.gov.in ലെ കരിയര്‍ ഓപ്‌ഷനില്‍ നിന്നും അപേക്ഷയ്‌ക്കുള്ള ഫോം ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌ത ഫോം ഫില്‍ ചെയ്‌ത് കരിക്കുലം വീറ്റ (സി വി), സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മെഡിക്കല്‍/ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് എന്നിവ "_____ പോസ്‌റ്റിനുള്ള അപേക്ഷ" എന്ന വിഷയത്തിൽ സെക്രട്ടറി, കൊച്ചിൻ പോർട്ട് അതോറിറ്റി, വെല്ലിംഗ്‌ഡൺ ഐലൻഡ്, കൊച്ചി, കേരളം, പിൻ-682009 എന്ന വിലാസത്തിലേക്ക് അയക്കുക. ഓഗസ്‌റ്റ് 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അവസാന തീയതിക്ക് ശേഷം ലഭിച്ച അപേക്ഷകളും പൂര്‍ണമല്ലാത്ത അപേക്ഷകളും പരിഗണിക്കുന്നതായിരിക്കില്ല.
- ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിലെ ഒഴിവുകൾ
പ്രോജക്‌ട് അസിസ്‌റ്റൻഡ് (ഒഫിസ്): ഒഴിവ് -4 (യുആര്‍ 3, ഒബിസി 1), യോഗ്യത - ആര്‍ട്‌സ്/സയൻസ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ/ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
പ്രോജക്‌സ് അസിസ്‌റ്റൻഡ് (മെക്കാനിക്കല്‍): ഒഴിവ് -1 (യുആര്‍ 1), യോഗ്യത - ഏതെങ്കിലും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ.
പ്രോജക്‌ട് അസിസ്‌റ്റൻഡ് (ഇലക്‌ട്രോണിക്‌സ്): ഒഴിവ് - 1 (യുആര്‍ 1) സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ.
താത്‌കാലികാടിസ്ഥാനത്തില്‍ മൂന്ന് തസ്‌തികകളിലേക്കും പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. മാസശമ്പളമായി ആദ്യ വര്‍ഷം 24,400 രൂപയും രണ്ടാം വര്‍ഷത്തില്‍ 25,100 രൂപയും മൂന്നാം വര്‍ഷത്തില്‍ 25,900 രൂപയും ലഭിക്കും. അധികസമയം ജോലി ചെയ്യുന്നതിന് യഥാക്രമം 6100, 6280, 6480 രൂപ നല്‍കും. മാസത്തില്‍ കുറഞ്ഞത് 25 മണിക്കൂര്‍ അധികം ജോലി ചെയ്‌താലാകും ഈ തുക ലഭിക്കുക.
പ്രായപരിധി: 30 വയസാണ് മൂന്ന് തസ്‌തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി. അപേക്ഷകൻ 1.09.1994നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. ഒബിസി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് ലഭിക്കും. ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍ക്കും (PwBD) വിമുക്തഭടന്മാര്‍ക്കും ഇന്ത്യ ഗവൺമെൻ്റ് മാർഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇളവ് നല്‍കുക.
അപേക്ഷ സമര്‍പ്പിക്കാൻ
ഔദ്യോഗിക വെബ്‌സൈറ്റില്‍ (cochinshipyard.in) നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്‌ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച ശേഷം അപേക്ഷകന്‍റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് സ്‌കാൻ ചെയ്‌ത പകര്‍പ്പ് careers@hooghlycsl.com എന്ന ഇ മെയില്‍ ഐഡിയിലേക്ക് അയക്കണം. മെയിലില്‍ അപേക്ഷ സമര്‍പ്പിക്കുന്ന തസ്‌തികയുടെ പേര് സബ്‌ജക്‌ട് ലൈനില്‍ പ്രത്യേകം പരാമര്‍ശിക്കണം. 2024 ഓഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ആവശ്യമുള്ള രേഖകള്‍
1. ആധാര്‍ കാര്‍ഡിന്‍റെ സ്‌കാൻ ചെയ്‌ത പകര്‍പ്പ്
2. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ജനന സര്‍ട്ടിഫിക്കറ്റ്/എസ്‌എസ്എല്‍സി/എസ്എസ്‌സി/പാസ്‌പോര്‍ട്ട്)
3. ബിരുദ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ഷീറ്റും
4. എക്‌പീരിയൻസ് സര്‍ട്ടിഫിക്കറ്റുകള്‍
5. ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍)
തെരഞ്ഞെടുപ്പ് പ്രക്രിയ
പരീക്ഷയിലൂടെയാണ് തസ്‌തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഒബ്‌ജക്‌ടീവ്, ഡിസ്‌ക്രിപ്റ്റീവ് രീതിയിലാണ് പരീക്ഷ. ഒബ്‌ജക്‌ടീവ് ടൈപ്പ് പരീക്ഷയില്‍ 90 മിനിറ്റില്‍ ഉദ്യോഗാര്‍ഥികള്‍ 80 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. 20 മാര്‍ക്കിനാണ് ഡിസ്‌ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷ. ഉദ്യോഗാര്‍ഥിയ്‌ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനമായിരിക്കും ഇവിടെ പരിശോധിക്കുക.
Also Read : ഇന്ത്യന്‍ നാവിക സേനയില്‍ ഒഴിവ്; അവസാന തീയതിയടുത്തു, വിശദമായി അറിയാം..