അടുത്ത കാലത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌ന ഭൂമിയായി മാറിയ സ്ഥലമാണ് കാനഡ. പഠനം കഴിഞ്ഞ് മൂന്ന് വര്‍ഷം കൂടി കാനഡയില്‍ താമസിക്കാം എന്നതാണ് രാജ്യത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചത്. കൂടാതെ, വളരെ എളുപ്പത്തില്‍ കനേഡിയന്‍ പൗരന്മാരാകാനും കഴിയുന്നു. പഠനത്തോടൊപ്പം തന്നെ ജോലി ചെയ്‌ത് പണം സമ്പാദിക്കാം എന്നതും കാനഡയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വലിയ രീതിയിലുളള കുടിയേറ്റമാണ് കാനഡയിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്. കഴിഞ്ഞ മാസം ഇന്ത്യ ഗവൺമെന്‍റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 13.35 ലക്ഷം വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതിൽ 4,27,085 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം മാത്രം കാനഡയിലേക്ക് കുടിയേറിയവരാണ്.
We’re granting 35% fewer international student permits this year. And next year, that number’s going down by another 10%.
— Justin Trudeau (@JustinTrudeau) September 18, 2024
Immigration is an advantage for our economy — but when bad actors abuse the system and take advantage of students, we crack down.
കാനഡയിലെ വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്. 2013നും 2022നും ഇടയിൽ കാനഡയിലേക്ക് പഠനത്തിനായി പോയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ അതിശയകരമായ വർധനവാണ് ഉണ്ടായത്. 11 വര്‍ഷത്തിലുളള 260 ശതമാനം വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ നിന്നുളള വിദ്യാര്‍ഥി കുടിയേറ്റങ്ങള്‍ ഇരട്ടിയായി വര്‍ധിച്ചു. 2018ല്‍ 1.29 ലക്ഷം വിദ്യാര്‍ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കില്‍ 2023ല്‍ 2.50 ലക്ഷം വിദ്യാര്‍ഥികളായി അത് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയത് പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളാണ്.
ഇത്തരത്തിലുളള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡയിലേക്കുളള കുടിയേറ്റത്തിന് തടയിടുന്ന തീരുമാനങ്ങളാണ് കനേഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പുതിയ നിബന്ധനകള്‍: ഈ വർഷം കാനഡയിലേക്കുളള വിദേശ വിദ്യാർഥികളുടെ പെർമിറ്റ് 35 ശതമാനമായി വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചിരിക്കുന്നത്. ഇത് അടുത്ത വര്‍ഷം വീണ്ടും കുറച്ച് 10 ശതമാനമാക്കും. യുജി പഠനത്തിനായി പോകുന്നവര്‍ക്ക് ഇനി ഒപ്പം കുടുംബത്തെ കൊണ്ടുപോകാന്‍ കഴിയില്ല. കാനഡയിലെ താത്‌കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്.
കുടിയേറ്റം രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് ഏറെ പ്രയോജനകരമാണ്. എന്നാൽ അവസരം മുതലെടുക്കുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതാണ് ഇത്തരത്തിലുളള കടുത്ത നടപടിയിലേക്ക് കടക്കാൻ കാരണമെന്നും ട്രൂഡോ വിശദീകരിച്ചു. എക്‌സിലെ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുതിയ നിബന്ധനകളെ കുറിച്ച് അറിയിച്ചത്.
നിബന്ധനകള്‍ക്ക് പിന്നിലെ കാരണങ്ങള്‍: സ്വകാര്യ കോളജുകള്‍ വലിയ രീതിയിലുളള പണം വാങ്ങി വിദേശ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നു. മോശം വിദ്യാഭ്യാസമാണ് ഇവിടെ നടക്കുന്നതെന്നും ട്രൂഡോ അറിയിച്ചു. ഇത്തരത്തിലുളള ചൂഷണത്തിന് തടയിടുക എന്നതാണ് ലക്ഷ്യങ്ങളില്‍ ഒന്ന്. ഇനി മുതല്‍ സര്‍ക്കാര്‍ കോളജുകളിലേക്കായിരിക്കും പ്രധാനമായും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുക.
താമസ സൗകര്യത്തിന്‍റെ കുറവാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കനേഡിയന്‍ സര്‍ക്കാരിനെ നയിച്ച മറ്റൊരു ഘടകം. എട്ട് ലക്ഷത്തോളം ആളുകള്‍ക്ക് നിലവില്‍ കാനഡയില്‍ താമസ സൗകര്യമില്ലെന്നാണ് വിവരം. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ വീടുകളും മറ്റും ഒരുക്കുന്നതിനുളള സാമ്പത്തിക സ്ഥിതിയും സര്‍ക്കാരിന് നിലവില്‍ ഇല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാനഡയിപ്പോള്‍ നേരിടുന്നത്.
മറ്റൊരു പ്രധാന കാരണം ഇന്ത്യ കാനഡ പ്രശ്‌നമാണ്. 2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുവച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് മരിച്ചിരുന്നു. ഇന്ത്യ മോസ്‌റ്റ് വാണ്ടഡ് ടെററിസ്‌റ്റായി പ്രഖ്യാപിച്ചിട്ടുളള ഭീകരനാണ് ഹർദീപ് സിങ് നിജ്ജര്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിനെ കനേഡിയൻ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളി. അതേ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധം വഷളായി. കാനഡയിലേക്ക് കൂടുതലായി എത്തുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ഇതിന് തടയിടുക എന്നതും ഈ നിബന്ധനകള്‍ക്ക് പിന്നിലെ കാരണമായിരിക്കാം.