തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്‍റിന് കീഴിലുള്ള സ്ഥാപനങ്ങൾ/AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡിവോക്ക്, അല്ലെങ്കിൽ 10, 12 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യുജിസി അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിഎസ്‌സി ബിരുദം നേടിയവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസായ അപേക്ഷാർത്ഥികൾക്ക് ബിടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
തെരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്‌റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. മേൽപ്പറഞ്ഞ വെബ് സൈറ്റ് വഴി ഓൺലൈനായി മെയ് 17 മുതൽ ജൂൺ 16 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 17 വരെ. പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.
Also Read: 4 വര്‍ഷം ബിരുദം, 5 വര്‍ഷം പിജി: കണ്ണൂര്‍ സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിച്ചു