വിവിധ തരത്തിലുള്ള നികുതികളെ കുറിച്ച് ബോധവാന്മാരാണ് നമ്മള്‍ എല്ലാവരും. വീട്ടുനികുതി, റോഡ് നികുതി, ആദായനികുതി തുടങ്ങി ഒടുവിലെത്തിയ ജിഎസ്‌ടി വരെ പലർക്കും അറിയാം. എന്നാൽ അധികമാരും കേൾക്കാത്ത മറ്റൊരു നികുതി കൂടിയുണ്ട്. അതാണ് പിങ്ക് ടാക്‌സ് (what is pink tax).
സർക്കാർ ചുമത്തുന്ന ഒരു നികുതി വിഭാഗത്തിലും ഉൾപ്പെടുന്നതല്ല പിങ്ക് ടാക്‌സ്. നമ്മള്‍ അറിയാതെ തന്നെ നൽകേണ്ടി വരുന്ന അധിക നികുതിയാണ് ഇത്. എന്നാൽ ഈ നികുതി സ്ത്രീകൾക്ക് വേണ്ടിമാത്രമുള്ളതാണ്. അതായത് സ്ത്രീകൾക്ക് മാത്രമുള്ള ഉത്പന്നങ്ങൾക്ക് അവർ അറിയാതെ തന്നെ നൽകേണ്ടി വരുന്ന നികുതിയാണ് പിങ്ക് ടാക്‌സ്.
അതുകൊണ്ട് തന്നെ പ്രത്യക്ഷത്തിൽ ആർക്കും തന്നെ ഈ നികുതി നൽകുന്നതായി അനുഭവപ്പെടാറില്ല. പുരുഷന്മാർക്കുള്ള സമാനമായ ഉത്പന്നങ്ങൾക്ക് ഈ നികുതി ഈടാക്കുന്നുമില്ല. അതിനാൽ സ്ത്രീകൾക്കുള്ള പേഴ്‌സണൽ കെയർ ഉത്പന്നങ്ങളുടെ വില പുരുഷന്മാരുടേതിനേക്കാൾ കൂടുതലായിരിക്കും.
അതേസമയം സ്ത്രീകൾക്ക് ലഭിക്കുന്ന ചരക്കുകൾക്കും സേവനങ്ങൾക്കുമായി പ്രത്യേകം നികുതി നൽകേണ്ടി വരുന്നത് വിവേചനമാണെന്നാണ് സ്ത്രീ വക്താക്കളുടെ വിമർശനം. സാങ്കൽപികമായ ഒരു കാര്യമല്ല ഇത്. വർഷങ്ങൾ മുൻപ് ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൺസ്യൂമർ അഫയേഴ്‌സ് നടത്തിയ പഠനത്തിൽ സ്ത്രീകൾ നൽകുന്ന അധിക നികുതിയെ കുറിച്ചുള്ള കണ്ടെത്തലുകള്‍ ഉണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
'തൊട്ടിൽ മുതൽ ക്രെയിൻ വരെ' എന്ന പഠനത്തിൽ സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്ന 800-ലധികം ഉത്‌പന്നങ്ങളുടെ വിലയാണ് താരതമ്യം ചെയ്‌തത്. ഇതിൽ സ്ത്രീകളുടെ ഉത്പന്നങ്ങൾക്ക് പുരുഷന്മാരുടേതിനേക്കാൾ ഏഴ് ശതമാനം വില കൂടുതലാണെന്ന് കണ്ടെത്തി. സൗന്ദര്യ പരിചരണ ഉത്‌പന്നങ്ങൾക്ക് പതിമൂന്ന് ശതമാനമാണ് കൂടുതൽ.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സ്ത്രീകൾ വിവിധ കാര്യങ്ങൾക്കായി പിങ്ക് ടാക്‌സ് അടക്കുന്നുണ്ട്. ഇന്ത്യയിലും പിങ്ക് ടാക്‌സ് നൽകേണ്ടി വരുന്നുണ്ട്. പിങ്ക് ടാക്‌സ് എന്ന പേരിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ പിങ്ക് പാക്കേജ്‌ഡ് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാതിരിക്കാം.