ന്യൂഡല്‍ഹി: മെയ് മാസത്തില്‍ ഇരുചക്രവാന വിപണിയില്‍ വന്‍ കുതിപ്പ്. അതേസമയം കാര്‍വില്‍പ്പനയില്‍ പതിനൊന്ന് ശതമാനത്തോളം ഇടിവുണ്ടായി. ഇന്ത്യന്‍ വാഹന നിര്‍മാക്കളുടെ സൊസൈറ്റി പുറത്ത് വിട്ട വിവരങ്ങളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര കാര്‍ വില്‍പ്പന 2023മെയിലെ 1,20,364ല്‍ നിന്ന് ഇക്കൊല്ലം 1,06952 ആയി കുറഞ്ഞു. വാഹനനിര്‍മ്മാണ കമ്പനികള്‍ തങ്ങളുടെ ഉത്പാദനവും വെട്ടിക്കുറച്ചിട്ടുണ്ട്.
പതിമൂന്ന് ശതമാനം കുറവാണ് നിര്‍മ്മാണത്തില്‍ കമ്പനികള്‍ വരുത്തിയിട്ടുള്ളത്. 2023 മെയില്‍ 1,63,619 കാറുകള്‍ ഉത്‌പാദിപ്പിച്ചിരുന്നിടത്ത് ഇക്കൊല്ലം 1,42,367 എണ്ണം മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. യാത്രാകാറുകളുടെ കയറ്റുമതിയിലും ഇടിവുണ്ടായിട്ടുണ്ട്. ഇരുപത് ശതമാനം ഇടിവാണ് കാറുകളുടെ കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. 2023 മെയില്‍ 35,806 കാറുകള്‍ കയറ്റുമതി ചെയ്‌തിടത്ത് ഇക്കൊല്ലം 28,802 കാറുകള്‍ മാത്രമാണ് കയറ്റി അയച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ പത്ത് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മെയില്‍ 14,71,550 യൂണിറ്റുകള്‍ വിറ്റുപോയിടത്ത് ഇക്കുറി ഇത് 16,20,084 ആയി വര്‍ദ്ധിച്ചു. ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 20 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മെയില്‍ 2,59,945 ഇരുചക്ര വാഹനങ്ങള്‍ കയറ്റി അയച്ചിരുന്നിടത്ത് ഇക്കുറി 3,12,418 ആയി ഉയര്‍ന്നു.
യാത്രാവാഹനങ്ങളുട മൊത്തം വില്‍പ്പനയില്‍ കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. യാത്രാവാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ 9.3ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം ആഭ്യന്തര വില്‍പ്പന 19,76.674 യൂണിറ്റാണ്. മൊത്തം കയറ്റുമതി 3,89,805 യൂണിറ്റായി. അതേസമയം 2024 മേയില്‍ യാത്രാവാഹനങ്ങളുടെ മൊത്തം ഉത്പാദനം 24,55,637 ആണ്.
ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയും സര്‍ക്കാരിന്‍റെ ഫലപ്രദമായ നയങ്ങളും ഇന്ത്യന്‍ വാഹന വ്യവസായത്തെ തൃപ്‌തികരമായ പ്രകടനം നടത്താന്‍ സഹായിച്ചു. ഇപ്പോള്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ 1.25ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. യാത്രാവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍ എന്നിവ കഴിഞ്ഞ കൊല്ലത്തേതിനെ അപേക്ഷിച്ച് ഇക്കൊല്ലം മെയില്‍ മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിച്ചു. യാത്രാവാഹനങ്ങള്‍ മിതമായ വളര്‍ച്ചാ നിരക്കാണ് പ്രകടിപ്പിച്ചത്. ഇരുചക്ര-മുചക്ര വിപണി രണ്ടക്കം കടന്നു. സാധാരണയിലും കൂടിയ മഴയും പുത്തന്‍ സര്‍ക്കാരിന്‍റെ കൂടുതല്‍ വികസനത്തിലൂന്നിയ നയങ്ങളും വരും മാസങ്ങളില്‍ വാഹന വിപണിക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.