ആഗോളതലത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വില പവന് 55000 തൊട്ടു. ഇന്ന് സംസ്ഥാനത്ത് വര്‍ധിച്ചത് ഗ്രാമിന് 720 രൂപയാണ്.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 720 രൂപ ഉയര്‍ന്നു. എന്നാല്‍ ഇവിടെ പവന്‍റെ ഇന്നത്തെ വില 55360ലെത്തി. രാജ്യത്തെ ഓരോ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്. നികുതി, ഗതാഗതച്ചെലവ്, പ്രാദേശിക ചോദന, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്വര്‍ണ വിലയിലെ വ്യത്യാസത്തിന് കാരണം.
സൗന്ദര്യത്തിന്‍റെയും ആഡംബരത്തിന്‍റെയും വസ്‌തു എന്നതിലുപരി സ്വര്‍ണം സാധാരണക്കാരന് ഒരു നിക്ഷേപം കൂടിയാണ്. സ്വര്‍ണം വാങ്ങുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇന്നും ഒരു ആജീവനാന്ത സ്വപ്‌നമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് സ്വര്‍ണവില ഇങ്ങനെ കുതിച്ച് കയറിക്കൊണ്ടിരിക്കുന്നത്.
ആഗോള സാമ്പത്തിക പരിസ്ഥിതിയെ ആശ്രയിച്ചാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്. ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നവരും വീട്ടമ്മമാരും സ്വര്‍ണത്തിന്‍റെ ഈ വിലക്കുതിപ്പില്‍ അന്തംവിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടും സ്വര്‍ണത്തിന്‍റെ വില ഏകീകരിക്കാന്‍ ആഭരണ വ്യവസായ മേഖല ശ്രമം നടത്തുന്നത്. ഒരു രാഷ്‌ട്രം ഒരൊറ്റ വില എന്ന നയം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമന്നാണ് ഇവരുടെ ആവശ്യം. ഈ മഞ്ഞ ലോഹ വില്‍പ്പനയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും ഇതിലൂടെ സാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു രാജ്യം ഒരൊറ്റ സ്വര്‍ണനിരക്ക്: അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന രത്ന-ആഭരണ കൗണ്‍സിലില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിലെ സ്വര്‍ണ വിലയിലെ ഈ വ്യത്യസ്‌ത നിരക്കുകള്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നല്ല രീതിയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. സ്വര്‍ണ വ്യാപാര രംഗത്ത് സുതാര്യത കൊണ്ടുവരാനുള്ള ധൃതിപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജിഎസ്‌ടി, നിര്‍ബന്ധിത ഹാള്‍ മാര്‍ക്ക്, യൂണിക് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഇതിന്‍റെ ഭാഗമായാണ് നടപ്പാക്കുന്നത്.
ഏകീകരണത്തിന്‍റെ നേട്ടങ്ങള്‍: പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ നേട്ടം. സ്വര്‍ണ വില ഏകീകരിക്കപ്പെടുമ്പോള്‍ വാങ്ങല്‍ തീരുമാനമെടുക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നേടാനാകുന്നു. പ്രാദേശിക വിലകളിലെ വ്യത്യാസം മൂലം നമുക്ക് കൂടുതല്‍ പണം ചെലവാകുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താവിന് തീരുമാനമെടുക്കാനാകും. ഇത് കൂടുതല്‍ സ്ഥിരതയാര്‍ന്നതും പ്രവചിക്കാനാകുന്നതുമായ വിപണിയിലേക്കും നയിക്കും. സ്വര്‍ണം ഒരു വിശ്വസ്‌ത നിക്ഷേപമെന്ന നിലയിലേക്ക് മാറുകയും കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.
രാജ്യത്തെ സ്വര്‍ണ വിപണിയെ കൂടുതല്‍ കരുത്തുറ്റതാക്കാനും ഈ നടപടിയിലൂടെ സാധിക്കും. സുതാര്യവും മികച്ചതുമായ വില സംവിധാനത്തിലൂടെ സ്വര്‍ണ വിപണിയില്‍ ആഭ്യന്തര വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാകുന്നു. ഇത് സ്വര്‍ണത്തിന്‍റെ ചോദനയിലും വര്‍ധനയുണ്ടാക്കും. ഇതിലൂടെ ഖനന മേഖലയ്ക്കും ശുദ്ധീകരിക്കുന്നവര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും എല്ലാം നേട്ടമുണ്ടാകും.
ഈ നയം വിജയകരമായി നടപ്പാക്കിയാല്‍ ഉപഭോക്തൃ വിശ്വാസം കൂടുതല്‍ ആര്‍ജിക്കാനാകും. വ്യവസായം കൂടുതല്‍ ലളിതമാകും. രാജ്യത്തെ മൊത്തത്തിലുള്ള സ്വര്‍ണ വ്യവസായം ഇതിലൂടെ വളര്‍ച്ച നേടും.
എന്തുകൊണ്ട് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍?
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വ്യത്യാസമുണ്ടെന്ന് നമുക്ക് കാണാനാകും. നിത്യേനയെന്നോണം ഇതില്‍ മാറ്റങ്ങളുണ്ടാകുകയും ചെയ്യുന്നു. മഹാരാഷ്‌ട്ര, കേരള, രാജസ്ഥാന്‍ തുടങ്ങി ഏത് സംസ്ഥാനങ്ങള്‍ എടുത്താലും സ്വര്‍ണവിലയിലെ ഈ വ്യത്യാസം നമുക്ക് കാണാനാകും. ഓരോ നഗരത്തിലെയും നിര്‍ണായക ഘടകങ്ങളാണ് ഇതിന് കാരണം. ഇതിന് പുറമെ സ്വര്‍ണത്തിന്‍റെ ആവശ്യത്തിലും വിതരണത്തിലുമുള്ള മാറ്റങ്ങളും പ്രാദേശിക സാമ്പത്തിക ഘടകങ്ങളും സ്വര്‍ണ നിരക്ക് നിശ്ചയിക്കുന്നതിനെ സ്വാധീനിക്കുന്നു. ഇതിന് പുറമെ ഓരോ നഗരത്തിനും അവരുടേതായ സ്വര്‍ണപ്പണിക്കാരും ആഭരണ വ്യവസായികളുമുണ്ട്. ഇവരിലോരോരുത്തരും അവരുടെ സേവനങ്ങള്‍ക്ക് വ്യത്യസ്‌ത നിരക്കാണ് ഈടാക്കുന്നത്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
ഗതാഗത ചെലവ്: ഭൗതിക വസ്‌തുവായ സ്വര്‍ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കേണ്ടതുണ്ട്. സ്വര്‍ണത്തിന്‍റെ മുഖ്യ കയറ്റുമതിക്കാരില്‍ ഒരാളാണ് നമ്മുടെ രാജ്യം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്വര്‍ണം എത്തിക്കേണ്ടതുണ്ട്. ഇതിന് ഇന്ധനം, വാഹനം, സുരക്ഷ എന്നിവയുടെ ചെലവുണ്ട്. സ്വര്‍ണം എത്തിക്കേണ്ട നഗരമോ സംസ്ഥാനമോ അനുസരിച്ച് ഈ ഗതാഗത ചെലവില്‍ വ്യത്യാസങ്ങളുണ്ടാകുന്നു.
സ്വര്‍ണത്തിന്‍റെ തരം തിരിവുകള്‍
24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ സ്വര്‍ണം ലഭ്യമാണ്. ഉയര്‍ന്ന കാരറ്റുള്ള സ്വര്‍ണം ഉയര്‍ന്ന പരിശുദ്ധിയും കൂടുതല്‍ വിലയും ഉള്ളതാണ്.
പ്രാദേശിക ആഭരണ അസോസിയേഷനുകള്‍: സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ പ്രാദേശിക സ്വര്‍ണ വ്യാപാരി അസോസിയേഷനുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഇവരാണ് വില നിശ്ചയിക്കുന്നത്. വിലയ്ക്ക് പുറമെ സ്വര്‍ണത്തിന്‍റെ പരിശുദ്ധി, പ്രാദേശിക ചോദന, നിലവിലുള്ള വിപണി സാഹചര്യങ്ങള്‍ എന്നിവയും ഇവരാണ് തീരുമാനിക്കുക. ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ്‌സ്‌മിത്ത് ഫെഡറേഷനാണ് രാജ്യത്തെ സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്.
ചില്ലറ വില്‍പ്പനക്കാരുടെ ലാഭം: ചില്ലറ വില്‍പ്പനക്കാര്‍ക്ക് വ്യത്യസ്‌ത ലാഭമാണ് ലഭിക്കുക. ലോഹത്തിന്‍റെ അന്തിമ വിലയാണിത്. ധാരാളം സ്വര്‍ണ വ്യാപാരികളുള്ള നഗരത്തില്‍ കച്ചവടത്തിലെ കടുത്ത മത്സരം മൂലം വിലയില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകുന്നു. ജയ്‌പൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിന് ധാരാളം അവസരങ്ങളുള്ളതിനാല്‍ വിലകളിലും മാറ്റങ്ങളുണ്ട്.
സ്വര്‍ണത്തിന്‍റെ ഗുണമേന്മ: സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കുന്ന മറ്റൊരു ഘടകം ഇതിന്‍റെ പരിശുദ്ധിയാണ്. ഉയര്‍ന്ന പരിശുദ്ധിയുള്ള സ്വര്‍ണത്തിന് കുറഞ്ഞ പരിശുദ്ധി ഉള്ളതിനെക്കാള്‍ വില നല്‍കേണ്ടി വരും.
സ്വര്‍ണത്തിന്‍റെ വാങ്ങല്‍ വില: ഇതാണ് മിക്ക നഗരങ്ങളിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാനാകുന്ന വ്യാപാരികള്‍ക്ക് കുറഞ്ഞ വിലയില്‍ തന്നെ അത് വില്‍ക്കാനും സാധിക്കും. ഇവിടെ സ്വര്‍ണത്തിന്‍റെ ഉറവിടം സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഔദ്യോഗികമായി രാജ്യത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് പത്ത് ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുന്നുണ്ട്. ഇതിന് പുറമെ മൂന്ന് ശതമാനം നികുതിയുമുണ്ട്. ഇതാണ് വിവിധ രാജ്യങ്ങളിലെ വ്യത്യസ്‌തമായ സ്വര്‍ണ നിരക്കിന് കാരണം. ഓരോ രാജ്യത്തിന്‍റെ നികുതി ഘടന വ്യത്യസ്‌തമാണ്.
വിപണി സാധ്യതകള്‍: വിപണി സാധ്യതകളും സ്വര്‍ണ നിരക്കിനെ സ്വാധീനിക്കുന്നു. സ്വര്‍ണത്തിന് ആവശ്യക്കാരേറുമ്പോള്‍ സ്വഭാവികമായി സ്വര്‍ണ നിരക്ക് ഉയരുന്നു. അതുപോലെ തന്നെ ആവശ്യക്കാര്‍ കുറയുമ്പോള്‍ വിലയും കുറയും.
സര്‍ക്കാര്‍ ചുങ്കങ്ങളും നികുതികളും: ഇവയ്ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ചുങ്കങ്ങളും നികുതികളും രാജ്യത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യത്തെ രാഷ്‌ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഇറക്കുമതി ചുങ്കത്തിലും മാറ്റങ്ങള്‍ വരുന്നു. ഇറക്കുമതി ചുങ്കം വര്‍ദ്ധിക്കുമ്പോള്‍ സ്വര്‍ണനിരക്കും വര്‍ധിക്കുന്നു.
രാജ്യത്ത് സ്വര്‍ണം വാങ്ങാന്‍ ഏറ്റവും വിലക്കുറവുള്ള സംസ്ഥാനം?രാജ്യത്ത് സ്വര്‍ണ വില ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഡല്‍ഹി, മുംബൈ തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടകയും സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമായ സംസ്ഥാനം തന്നെയാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളും പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിക്ക ദക്ഷിണേന്ത്യന്‍ നഗരങ്ങളും സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമാണ്.
കേരളീയരുടെ സ്വര്‍ണത്തോടുള്ള ഭ്രമം കേവലം ഒരു പ്രവണത മാത്രമല്ല ഇത് കേരളീയരുടെ സാമൂഹ്യഘടനയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന ഒന്നാണ്. കേരളത്തിന് സ്വര്‍ണത്തോട് അടങ്ങാത്ത അഭിനിവേശമാണ്. രാജ്യത്തെ സ്വര്‍ണ ആവശ്യകതയില്‍ കേരളത്തിന് നിര്‍ണായക സ്ഥാനമാണ് ഉള്ളത്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ പ്രതിമാസം ഒരാള്‍ സ്വര്‍ണത്തിന് ചെലവിടുന്നത് 208.55 രൂപയാണ്. നഗരമേഖലകളിലിത് 189.95 രൂപയും. പരമ്പരാഗത ആഘോഷങ്ങളുള്ള മാസങ്ങളില്‍ ഇത് വീണ്ടുമുയരും. സ്വര്‍ണം കേരളീയരുടെ ആഘോഷങ്ങളില്‍ ഒഴിച്ച് കൂടാനാകാത്ത ലോഹമാണ്.
കേരളത്തില്‍ എന്ത് കൊണ്ട് ഇത്രമാത്രം സ്വര്‍ണം?
കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത് അഖില കേരള സ്വര്‍ണ-വെള്ളി വ്യാപാര അസോസിയേഷനാണ്. ഇവര്‍ സംസ്ഥാനത്തെ ദൈനംദിന സ്വര്‍ണ വില നിശ്ചയിക്കുന്നു. വിവിധ സ്വാധീന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഇവര്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. വിതരണവും ചോദനയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞ നിലയില്‍ നില്‍ക്കാന്‍ സഹായിക്കുന്നത്.
സ്വര്‍ണവില നിശ്ചയിക്കുന്നത് എങ്ങനെ?
അന്തിമ സ്വര്‍ണവില നിശ്ചയിക്കുന്നത് ഗ്രാമിന്‍റെ വിലയും പണിക്കൂലിയും ജിഎസ്‌ടിയും ചേര്‍ത്താണ്. പണിക്കൂലി രണ്ട് തരത്തില്‍ നിശ്ചയിക്കുന്നു. സ്വര്‍ണത്തിന്‍റെ മൂല്യത്തിന്‍റെ ശതമാന അടിസ്ഥാനത്തലും ഗ്രാമിന് ഒരു നിശ്ചിത സംഖ്യയോ ആണ് പണിക്കൂലിയായി ഈടാക്കുന്നത്. നിങ്ങള്‍ വാങ്ങുന്ന ആഭരണത്തിന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകാം. ഓരോ ആഭരണത്തിനും വ്യത്യസ്‌തമായ പണികളാണ് വേണ്ടി വരുന്നത്. മനുഷ്യ നിര്‍മ്മിതിയും യന്ത്ര നിര്‍മ്മിതിയിലും നിരക്കില്‍ വ്യത്യാസമുണ്ടാകാം. യന്ത്രനിര്‍മ്മിതിക്കാണ് മനുഷ്യ നിര്‍മ്മിതിയെ അപേക്ഷിച്ച് വിലക്കുറവ്.
Also Read: സ്വര്‍ണവില വീണ്ടും 54000 കടന്നു; ഇനിയും ഉയര്‍ന്നേക്കുമെന്ന് വിദഗ്‌ധര്‍