മുംബൈ : പുത്തന്‍ ഉയരങ്ങള്‍ തൊട്ട് ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 പോയിന്‍റ് കടന്നു. 72 ശതമാനം ഉയര്‍ന്നാണ് നിഫ്റ്റി പുതിയ ഉയരം തൊട്ടത്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ വിപണിയില്‍ 572.32 പോയിന്‍റിന്‍റെ വര്‍ധനയുണ്ടായി. നിഫ്‌റ്റി 0.70 ശതമാനം ഉയര്‍ന്ന് 24,291.75ലെത്തി.
എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികൾ കാഴ്‌ച വയ്ക്കുന്ന മുന്നേറ്റമാണ് പ്രധാനമായും സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. ഓഗസ്റ്റിൽ എംഎസ്‌സിഐ സൂചികയിൽ പുനഃക്രമീകരണം നടക്കുമ്പോൾ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ വെയിറ്റേജ് വർധിക്കുമെന്നും ഇത് 300 കോടി ഡോളറിന്‍റെ (ഏകദേശം 25,000 കോടി രൂപ) വിദേശ നിക്ഷേപം നേടാൻ വഴിയൊരുക്കുമെന്നുമുള്ള വിലയിരുത്തലുകളുടെ കരുത്തിലാണ് ഓഹരിക്കുതിപ്പ്.
എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ ഓഹരി തുടക്കത്തിൽ തന്നെ നാല് ശതമാനത്തോളം ഉയർന്നു. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ പ്രമുഖ സ്വകാര്യ ബാങ്ക് ഓഹരികളും ടാറ്റ കൺസ്യൂമറുമാണ് നിഫ്റ്റിയിൽ ഒന്നര മുതൽ രണ്ട് ശതമാനം വരെ നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്കിന് തൊട്ടുപിന്നിലുള്ളത്.
ടിസിഎസ്, അൾട്രാടെക് സിമന്‍റ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, പവർഗ്രിഡ് എന്നിവ 0.3 മുതൽ ഒരു ശതമാനം വരെ താഴ്ന്ന് നഷ്‌ടത്തിലും മുന്നിലുണ്ട്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിലും വൻ കുതിപ്പുണ്ടായി. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറിൽ നിക്ഷേപക സമ്പത്ത് 2.1 ലക്ഷം കോടി രൂപ വർധിച്ച് 442.18 ലക്ഷം കോടി രൂപയിലെത്തി.
വിശാല വിപണിയിൽ നിഫ്റ്റി ഐടി (-0.16%), ഓയിൽ ആൻഡ് ഗ്യാസ് (-0.16%) ഒഴികെയുള്ളവ കുതിപ്പ് രേഖപ്പെടുത്തി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയാണ് 2.01 ശതമാനം നേട്ടവുമായി മുന്നിൽ. സെൻസെക്‌സിൽ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക്, ജെഎസ്‌ഡബ്ല്യു ബാങ്ക് എന്നിവ നേട്ടത്തിന് നേതൃത്വം നൽകിയപ്പോൾ സൺ ഫാർമ, ടിസിഎസ്, അൾട്രാടെക് എന്നിവ നഷ്‌ടത്തിലാണ്.
യുഎസിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുകയാണെന്ന് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്‍റെ മേധാവി ജെറോം പവൽ പ്രസ്‌താവിച്ചിരുന്നു. ഇതിനു പിന്നാലെ അടിസ്ഥാന പലിശനിരക്കുകൾ കുറഞ്ഞേക്കുമെന്നതിന്‍റെ സൂചനയായി കണ്ട്, ആഗോള ഓഹരി വിപണികൾ കാഴ്‌ച വച്ച നേട്ടവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ജാപ്പനീസ് വിപണിയായ നിക്കേയ് ഉൾപ്പെടെ ഏഷ്യൻ ഓഹരി വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
Also Read: ഓഹരി വിപണിയിലെ തട്ടിപ്പ്: സെബിക്ക് പരാതി നല്‍കി ഇന്ത്യ സഖ്യം