മുംബൈ : നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍ അടക്കമുള്ള ധന ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പേടിഎം പേയ്മെന്‍റ് ബാങ്കിന് പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കി. മാര്‍ച്ച് പതിനഞ്ച് വരെ പേടിഎം വഴി വാലറ്റ്, ഫാസ്റ്റ് ടാഗമടക്കമുള്ള ഇടപാടുകള്‍ നടത്താനാകും. ഉപഭോക്താക്കളുടെ താത്പര്യം പരിഗണിച്ചാണ് റിസര്‍വ് ബാങ്കിന്‍റെ നടപടി(Paytm Payments Bank).
ഈ മാസം 29ന് ശേഷം നിക്ഷേപങ്ങള്‍ നടത്തരുതെന്നും ക്രെഡിറ്റ് കാര്‍ഡ്, ടോപ് അപ് അടക്കമുള്ള യാതൊരു ഇടപാടുകളും നടത്തരുതെന്നും കഴിഞ്ഞ മാസം 31ന് റിസര്‍വ് ബാങ്ക് പിപിബിഎല്ലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ക്ക് ബാങ്കിനും ഇടപാടുകാര്‍ക്കും കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പതിനഞ്ച് ദിവസം കൂടി അനുവദിച്ചിരിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് അവരുടെ പണം പിന്‍വലിക്കുന്നതിനോ മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനോ കാലതാമസമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്(RBI gives 15 more days).
ഇതിനിടെ പേടിഎം പേയ്മെന്‍റ് ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വന്‍തോതിലാണ് ഇവരുടെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായത്. ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം പത്ത് ട്രേഡിംഗ് സെഷനുകളിലായി ഓഹരിയില്‍ 55 ശതമാനം ഇടിവുണ്ടായി. ഇത് പേടിഎമ്മിന്‍റെ വിപണി മൂല്യത്തില്‍ 26000 കോടിയുടെ കുറവുണ്ടാക്കി(interest of customers).
പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ എടുത്ത നടപടി പുനഃപരിശോധിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ കമ്പനിയുടെ നില പരുങ്ങലിലാണ്. ഇതോടെ വിവിധ ബ്രോക്കറേജുകളും ഓഹരിയെ തരംതാഴ്‌ത്തി. ഓസ്ട്രേലിയ ആസ്ഥാനമായ ആഗോള സാമ്പത്തിക സ്ഥാപനമായ മക്വാരി പേടിഎമ്മിന്‍റെ റേറ്റിംഗ് അണ്ടര്‍ പെര്‍ഫോം ആയി തരംതാഴ്ത്തി. പേടിഎമ്മിന് വിവിധ ഭാഗങ്ങളില്‍ നിന്നായി വരുമാനം കുറയാന്‍ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ റിപ്പോര്‍ട്ട്.
ആര്‍ബിഐയുടെ നടപടിയിലൂടെ കമ്പനിക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുകയാണ്. ഇത് വരുമാനത്തെ ഗണ്യമായി ബാധിക്കും. പേയ്മെന്‍റ് ബാങ്ക് ഉപയോക്താക്കളെ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണം. ഫെബ്രുവരി 29നകം ഇത് നടപ്പാക്കല്‍ വലിയ വെല്ലുവിളിയാണ്. ഇടിവ് തുടരുന്ന ഓഹരിയില്‍ നിന്ന് നിക്ഷേപകര്‍ മാറി നില്‍ക്കാനാണ് സാധ്യത. പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിന് പേടിഎം പേയ്മെന്‍റ് ബാങ്കില്‍ 49ശതമാനം ഓഹരിയുണ്ട്. 51 ശതമാനം ഓഹരികളും വണ്‍ കമ്യൂണിക്കേഷന്‍സ് സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയുടേതാണ്.