ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തെല്ലൊരു ആശ്വാസം പകര്‍ന്ന് എണ്ണ വിപണന കമ്പനികള്‍. എല്‍പിജി വാണിജ്യ സിലിണ്ടറിന്‍റെ വില യൂണിറ്റിന് 19 രൂപ കുറച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ വില 1745.50 രൂപയായി. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 30.50 രൂപ കുറച്ച് 1764.50 രൂപ ആക്കിയിരുന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
ഇന്ധന വിലയിലും ഭക്ഷ്യ വസ്‌തുക്കള്‍ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിലയിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വില കുറയ്‌ക്കുന്നതിന് പിന്നിലെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ മാറ്റം, സപ്ലൈ-ഡിമാന്‍ഡ് അനുപാതം തുടങ്ങി വിവിധ ഘടകങ്ങള്‍ വില കുറയ്‌ക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വാണിജ്യ-ഗാര്‍ഹിക സിലിണ്ടറുകളുടെ വില സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഓരോ മാസത്തിന്‍റെയും തുടക്കത്തിലാണ് സംഭവിക്കാറുള്ളത്.