ന്യൂഡൽഹി: ഏഷ്യാ-പസഫിക് മേഖലയിലെ ഇ-കൊമേഴ്‌സ് പേയ്‌മെൻ്റുകളിൽ ഓൺലൈൻ പേയ്‌മെൻ്റുകളിലെ ഷെയറിൽ അതിവേഗ കുതിച്ചുചാട്ടത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. 2018ൽ 20.4 ശതമാനം രേഖപ്പെടുത്തിയ ഷെയർ 2023ൽ 58.1 ശതമാനമായാണ് ഉയർന്നത്. ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ ഗ്ലോബൽ ഡാറ്റയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പരമ്പരാഗത പണമിടപാട് ഒഴികെയുള്ള പേയ്‌മെൻ്റ് ഓപ്‌ഷനുകളിൽ യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുടെ ഷെയറിലാണ് ഉയർച്ചയുണ്ടായത്.
മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്‌തു കൊണ്ട് തത്സമയ പേയ്‌മെന്‍റ് നടത്താവുന്ന മൊബൈൽ വാലറ്റുകളുടെ വ്യാപകമായ ഉപയോഗം ഇന്ത്യയിൽ പണരഹിത പേയ്‌മെൻ്റ് സൊല്യൂഷനുകളുടെ ഗണ്യമായ വർധനവിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ഗ്ലോബൽ ഡാറ്റയുടെ റിപ്പോർട്ടുകൾ. ഏഷ്യ-പസഫിക് മേഖലയിൽ മൊബൈൽ, ഡിജിറ്റൽ വാലറ്റുകൾ പോലുള്ള പേയ്‌മെൻ്റ് സൊല്യൂഷനുകൾ പരമ്പരാഗത പണമിടപാട് രീതികളായ കാശ്, ബാങ്ക് ട്രാൻസ്‌ഫർ എന്നിവയെ മറികടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പരമ്പരാഗതമായ പണമിടപാട് ഏഷ്യൻ വിപണികളിൽ ഇപ്പോഴും ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഓൺലൈൻ പേയ്‌മെൻ്റുകൾക്കും ഇൻ-സ്റ്റോർ പേയ്‌മെൻ്റുകൾക്കും മറ്റ് പേയ്‌മെൻ്റ് രീതികൾ സ്വീകരിക്കുന്നത് ഏഷ്യൻ വിപണികളുടെ വളർച്ചയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ഇത് പടിഞ്ഞാറൻ രാജ്യങ്ങളെ മറികടക്കാനും ഇടയാക്കിയിട്ടുണ്ട്.
വർധിച്ചു വരുന്ന സ്‌മാർട്ട് ഫോണ്‍ ഉപയോഗമാണ് ഈ വളർച്ചയ്‌ക്ക് പിന്നിലെന്ന കാര്യത്തിൽ സംശയമില്ല. ഇലക്ട്രോണിക് പേയ്‌മെൻ്റുകൾക്ക് സൗകര്യമൊരുക്കുന്നതും ക്യുആർ കോഡ് അധിഷ്‌ഠിത പേയ്‌മെൻ്റ് രീതികളുടെ വ്യാപനവും ആണ് ഇത്തരം വളർച്ചയ്‌ക്ക് വഴിയൊരുക്കുന്നത്. ഇത്തരത്തിൽ ഇതര പേയ്‌മെൻ്റ് രീതികൾ സ്വീകരിക്കുന്നവരിൽ മുന്നിലുള്ളത് ഇന്ത്യയും ചൈനയുമാണ്.
Also Read: പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിങ്ങും ഇവൻ്റ് ബിസിനസും വാങ്ങാനൊരുങ്ങി സൊമാറ്റോ