മുംബൈ: ഓഗസ്റ്റ് മാസത്തെ അവസാന പ്രവൃത്തിദിനമായ ഇന്ന് ഓഹരി വിപണിയില്‍ ശുഭസൂചന. അമേരിക്കന്‍ സമ്പദ്ഘടനയിലുണ്ടായ ശക്തമായ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ പ്രതിഫലനമായി ആഗോളവിപണിയിലുണ്ടായ നേട്ടം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. രാജ്യത്തെ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നേട്ടത്തോടെയായിരുന്നു.
ദേശീയ സൂചികയായ നിഫ്റ്റി 97.75 പോയിന്‍റ് നേട്ടമുണ്ടാക്കി. അതായത് 0.39ശതമാനം ഉയര്‍ന്ന് 25,249.70ലാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയായ സെന്‍സെക്‌സ് 0.61 ശതമാനം ഉയര്‍ന്നു. അതായത് 502 പോയിന്‍റ് ഉയര്‍ന്ന് 82,637.03ലെത്തി.
അമേരിക്കന്‍ ജിഡിപിയുടെ സഖ്യകള്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ രണ്ട് ദിവസം നേട്ടമുണ്ടാക്കുന്നതിലൂടെ ഇന്ത്യന്‍ വിപണി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നത്. ഇന്ന് വൈകുന്നേരത്തോടെ ജിഡിപിയിലും മൃദു മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ജിഡിപിയില്‍ പ്രതീക്ഷിക്കുന്നതിലും കുറവ് വന്നാല്‍ ഒക്‌ടോബറിലെ എംപിസി യോഗത്തില്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ ഒരു നിരക്ക് വെട്ടിക്കുറയ്ക്കലിലേക്ക് നീങ്ങിയേക്കാമെന്ന് വിപണി-ബാങ്കിങ് വിദഗ്ദ്ധന്‍ അജയ് ബാഗ്ഗ ചൂണ്ടിക്കാട്ടി.
ആഭ്യന്തര കാരണങ്ങള്‍ തന്നെയാണ് വിപണിയിലെ ഇക്കുറിയുള്ള വീഴ്‌ചകള്‍ക്ക് കാരണം. എഫ്ഐഐകളില്‍ ഇക്കുറി 260 കോടി അമേരിക്കന്‍ ഡോളറിന്‍റെ സംഭാവനകളാണ് ഉണ്ടായത്. 2023ല്‍ ഇത് 2200കോടി അമേരിക്കന്‍ ഡോളറായിരുന്നു. 2024,2025 വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനക്കണക്ക് മൂഡി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം പണപ്പെരുപ്പ നിരക്കിലെ കണക്കുകളുടെ വിലയിരുത്തലില്‍ ഇവര്‍ കുറവും വരുത്തിയിട്ടുണ്ട്. എന്‍എസ്ഇയിലെ എല്ലാ സൂചികകളും അതായത് നിഫ്‌റ്റി നെക്സ്റ്റ്50, നിഫ്റ്റി 100, നിഫ്റ്റി മൈക്രോക്യാപ്, നിഫ്റ്റി സ്മോള്‍ ക്യാപ്, എന്നിവയില്ലെല്ലാം നല്ല തുടക്കമാണ് ഇന്ന് ഉണ്ടായത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, നിഫ്റ്റി മീഡിയ, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും നേട്ടമുണ്ടാക്കി.
നിഫ്റ്റിയിലെ അന്‍പത് കമ്പനികളില്‍ 39ഉം നേട്ടമുണ്ടാക്കി. എന്നാല്‍ പതിനൊന്ന് ഓഹരികളില്‍ വ്യാപാരത്തിന്‍റെ തുടക്കം നഷ്‌ടത്തിലായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ട്യബ്‌റോയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 1.41ശതമാനം നേട്ടമാണ് കമ്പനി കരസ്ഥമാക്കിയത്. ടാറ്റ മോട്ടോഴ്സിനാണ് ഏറ്റവും കൂടുതല്‍ നഷ്‌ടമുണ്ടായത്.
റിലയന്‍സിന്‍റെ ഓഹരികളും നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ 1:1 എന്ന അനുപാതത്തില്‍ ബോണസ് പരിഗണിക്കുമെന്ന പ്രഖ്യാപനമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് കരുത്തായത്. അതേസമയം ഇന്നലെ ദേശീയ സൂചികയും ബോംബൈ ഓഹരിസൂചികയും റെക്കോഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യയിലെ മറ്റ് ഓഹരി വിപണികളിലും നേട്ടം പ്രകടമായിരുന്നു.
Also Read: പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയില്‍; 76,000 കോടിയുടെ വാഡവന്‍ തുറമുഖത്തിന് തറക്കല്ലിടും