ആലപ്പുഴ : നാളെ തിരുവോണം. തിരുവോണത്തിന് പൂക്കളൊരുക്കാൻ നിരവധി പേരാണ് റോഡുകളിൽ എത്തുന്നത്. പൂക്കൾ പകൽ സമയങ്ങളിൽ മാത്രമല്ല രാത്രികാലങ്ങളിലും വിൽക്കുകയാണ് കർഷകർ. ആലപ്പുഴ കഞ്ഞിക്കുഴിയിലെ കര്‍ഷകരാണ് രാത്രികാല പൂ കച്ചവടം തുടങ്ങിയത്. ഓണക്കാലത്ത് മാളുകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമല്ല പൂന്തോട്ടത്തിലും മിഡ് നൈറ്റ് സെയില്‍ ആസൂത്രണം ചെയ്‌ത് വ്യത്യസ്‌ത കൊണ്ടുവന്നിരിക്കുകയാണ് കര്‍ഷകര്‍.
പൂ ഉത്‌പാദനത്തില്‍ വലിയ വര്‍ധനവ് ഉണ്ടായ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് പൂന്തോട്ടത്തില്‍ മിഡ് നൈറ്റ് സെയില്‍ ആരംഭിച്ചിരിക്കുന്നത്. കഞ്ഞിക്കുഴിയിലെ പൂ കര്‍ഷകന്‍ സുനിലിന്‍റെ പൂന്തോട്ടത്തില്‍ പൂക്കളുടെ രാത്രികാല കച്ചവടം തുടങ്ങിയതോടെ പൂക്കൾക്കായി നിരവധി പേരാണ് സുനിലിന്‍റെ പൂന്തോട്ടത്തിൽ എത്തുന്നത്. ആവശ്യാനുസരണം നല്ല നാടൻ പൂക്കൾ അപ്പോൾത്തന്നെ ചെടികളിൽ നിന്നും ശേഖരിച്ചാണ് വില്‍പന നടത്തുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൂവും പച്ചക്കറികളും ഒരുമിച്ച് വളരുന്ന സുജിത്തിന്‍റെ തോട്ടം കഞ്ഞിക്കുഴി കരപ്പുറത്ത് ഇത്തവണ ഓണത്തിന് അത്തപ്പൂക്കളം ഇടാന്‍ നാടന്‍ പൂക്കളുമായി സജ്ജമായിട്ടുണ്ട്. ഉത്‌പാദനത്തില്‍ സ്വയം പര്യാപ്‌തതയിലേക്ക് നീങ്ങുകയാണ് കഞ്ഞിക്കുഴി പോലുളള കാര്‍ഷിക ഗ്രാമങ്ങള്‍. പച്ചക്കറി കൃഷിക്കൊപ്പം പൂ കൃഷി ചെയ്യുന്നത് ആദായകരമായതിനാല്‍ ഇത്തവണ കൂടുതല്‍ പേര്‍ പൂ കൃഷി നടത്തിയിട്ടുണ്ട്. കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിലായി 20 വലിയ പൂന്തോട്ടങ്ങളാണ് ഇത്തവണ കര്‍ഷകര്‍ ഒരുക്കിയിട്ടുളളത്.
ആളുകൾക്ക് ഇഷ്‌ടം ചെണ്ടുമല്ലിയോടാണ്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുളള പൂക്കളാണ് കൂടുതലും കൃഷി ചെയ്‌തിട്ടുളളത്. ഭാര കുറവുളളത് കൊണ്ട് വാടാമുല്ലയും, തുമ്പയും വലിയ അളവില്‍ കൃഷി ചെയ്‌തിട്ടില്ല. പരമ്പരാഗത രീതിക്കൊപ്പം ഹൈടെക് രീതിയിലും ചെണ്ടുമല്ലി കൃഷി ചെയ്‌തിട്ടുണ്ട്. കുടുംബശ്രീകളും സ്വാശ്രയ സംഘങ്ങളും സന്നദ്ധ സംഘടനകളും പൂ കൃഷിയുമായി രംഗത്തുണ്ട്.
ചെണ്ടുമല്ലി വിത്ത് പാകിയാൽ 21 ദിവസം കൊണ്ട് തൈയാകും. തൈ നട്ട് 35-ാം ദിവസം പൂവാകും. 80 ദിവസം വരെ പൂക്കൾ വിളവെടുക്കാം. ഹൈബ്രിഡ് ഇനത്തിലുളള തൈകള്‍ 3 മുതല്‍ 5 രൂപയ്ക്ക് കിട്ടും. ഒരു ചെടിയില്‍ നിന്ന് ഒരു കിലോ മുതല്‍ ഒന്നര കിലോ വരെ പൂ കിട്ടും. ഗാര്‍ഹിക മാലിന്യം മാത്രം മതി വീട് പൂങ്കാവനമാകാന്‍. വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ കോഴിവളവും എല്ലുപൊടിയും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെ വളവും ഉപയോഗിക്കുന്നുണ്ട്.
ബന്തിക്ക് 100 മുതല്‍ 150 വരെയും വാടാമുല്ലയ്ക്ക് 300 രൂപയും കിട്ടുന്നുണ്ട്. കീട നിയന്ത്രണ മാര്‍ഗം. പച്ചക്കറിതോട്ടത്തില്‍ പൂചെടികള്‍ നടുന്നത് കര്‍ഷകരുടെ പരമ്പരാഗത ജൈവ കീടനിയന്ത്രണമാര്‍ഗമാണ്. കീടങ്ങള്‍ പൂക്കളുടെ തേന്‍ നുകരുമ്പോള്‍ പച്ചക്കറികള്‍ക്ക് രക്ഷ കിട്ടും. ചെറിയ അളവില്‍ പൂ കൃഷി തുടങ്ങി ഓണക്കാലത്ത് നേട്ടം ഉണ്ടായപ്പോഴാണ് കരപ്പുറത്തെ കര്‍ഷകര്‍ കൂടുതല്‍ സ്ഥലത്ത് പൂ കൃഷി ചെയ്യാന്‍ തുടങ്ങിയത്
ഈ തവണ രണ്ടു ലക്ഷം രൂപയോളം മുടക്കിയാണ് മായിത്തറയില്‍ രണ്ടര ഏക്കറില്‍ പൂന്തോട്ടം ഒരുക്കിയത്. പൂക്കളുടെ ചിത്രവും ദൃശ്യങ്ങളും പകര്‍ത്താന്‍ മറ്റ് ജില്ലകളില്‍ നിന്ന് വരെ ആളുകള്‍ എത്തുന്നുണ്ട്.
സന്ദര്‍ശകര്‍ പണം നല്‍കുന്നുണ്ട്. അതോടപ്പം പൂ വില്‍പനയും നടക്കുന്നുണ്ട്. നാട്ടിൽ നിറയെ പൂന്തോട്ടങ്ങളായപ്പോൾ പൂക്കളം ഒരുക്കാൻ പൂക്കൾക്കായി ജനം കർഷകരെ തേടി എത്തി. ഉത്സവ പ്രതീതിയിലാണ് പൂന്തോട്ടങ്ങൾ. ഗ്രാമ പ്രദേശങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നൽകുന്ന നിരവധി പൂന്തോട്ടങ്ങളാണ് ഉള്ളത്. പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് പൂക്കർ പറിച്ചെടുക്കാൻ വിദ്യാർഥികൾ അടക്കമുള്ളവർ കൂട്ടത്തോടെ എത്തുന്നു.