മുംബൈ: കേന്ദ്ര ബജറ്റോടെ ഉണ്ടായ വിറ്റഴിക്കല്‍ പ്രവണതയിലൂടെ സെന്‍സെക്‌സും നിഫ്‌റ്റിയും നേരിയ തോതില്‍ തിരിച്ച് കയറിയ ശേഷം ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഐടി, നിഫ്‌റ്റി എഫ്എംസിജി എന്നിവയുടെ ഓഹരികള്‍ 0.1, രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ബാക്കിയുള്ള 11 മേഖലകളിലെ കമ്പനികള്‍ക്ക് വലിയ വില്‍പ്പന സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.
നിഫ്റ്റി റിയല്‍ട്ടി സൂചികയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഇത് മൂന്ന് ശതമാനം ഇടിഞ്ഞു. വിപണി കടുത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടതോടെ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ യഥാക്രമം 1.9ശതമാനം, 1.2ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതോടെയുണ്ടായ ഒരു ശതമാനം നഷ്‌ടം നികത്തി സെന്‍സെക്‌സും നിഫ്റ്റിയും തിരിച്ച് കയറി. തുടര്‍ന്ന് 0.3 ശതമാനം വരെ നഷ്‌ടത്തില്‍ വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
നിക്ഷേപ നികുതി ഒഴിവാക്കലിലൂടെ ഉണ്ടാകുന്ന ദീര്‍ഘകാല മൂലധന നേട്ടത്തില്‍ ഊന്നി നിക്ഷേപകര്‍ പ്രവര്‍ത്തിച്ചതാകാം വിപണിയുടെ വീണ്ടുമുള്ള ഉണര്‍വിന് കാരണമെന്ന് റെലിഗര്‍ ബ്രോക്കിങിലെ അജിത് മിശ്ര ചൂണ്ടിക്കാട്ടി. ഒരു ലക്ഷമായിരുന്ന നികുതി പരിധി ഒന്നേകാല്‍ ലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന്‍റെ നികുതി വര്‍ധനയുടെ ആഘാതം പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ സെന്‍സെക്‌സ് 208 പോയിന്‍റ് ഇടിഞ്ഞിരുന്നു. അതായത് 0.3 ശതമാനം ഇടിഞ്ഞ് സൂചിക 80,293ലെത്തി.
നിഫ്റ്റി 77 പോയിന്‍റ് ഇടിഞ്ഞ് 24,432ലുമെത്തിയിരുന്നു. 10,95 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2,310 ഓഹരികള്‍ക്ക് ഇടര്‍ച്ചയുണ്ടായി. അതേസമയം 79 ഓഹരികളില്‍ മാറ്റമുണ്ടായില്ല.
Also Read: ബജറ്റില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി: സെന്‍സെക്‌സും നിഫ്‌റ്റിയും കൂപ്പുകുത്തി