കോഴിക്കോട്: ഡിഗ്രി പഠനം കഴിഞ്ഞ് വെറുതെ ഇരിക്കാൻ അവർ നാലുപേർക്കും മനസില്ലായിരുന്നു. എന്തെങ്കിലും പുതിയ ആശയത്തിലൂടെ നല്ലൊരു വരുമാനം കണ്ടെത്തണം, അതോടൊപ്പം സമൂഹത്തിനും അതിൻ്റെ നേട്ടം വേണം. ഈ ചിന്തയാണ് കോഴിക്കോട് ചാലിയത്തെ ഇർഫാൻ സഫർ, തഷ്‌രീഫ് അലി, ഷഹബാസ് അഹമ്മദ്, സനു മുഹമ്മദ് എന്നി നാല് ഉറ്റ ചങ്ങാതിമാരെ 'എംപവർ ബൈ ഫുൽവ' എന്ന ആശയത്തിലേക്കെത്തിച്ചത്.
ഇന്ന് 150 ഓളം വീട്ടമ്മമാരും 40 ഓട്ടോറിക്ഷക്കാരും 150 വിദ്യാർഥികളും ഇവരുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആറുമാസം മുമ്പ് ഓൺലൈനിൽ കോഴിക്കോടൻ ഹൽവ വിതരണം ചെയ്‌തായിരുന്നു ഇവരുടെ ബിസിനസിന്‍റെ തുടക്കം. അന്നത്തെ വിജയം ഇപ്പോൾ പുതിയ ഒരു ആശയത്തിലേക്കു കൂടി ഇവരെ എത്തിച്ചിരിക്കുന്നു. അതാണ് 'മലബാർ ഇഫ്‌താർ വിരുന്ന്' പാക്കറ്റുകൾ.
ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 100 സ്റ്റാളുകളിൽ എത്തുന്നുണ്ട് മലബാർ ഇഫ്‌താർ വിരുന്ന് പാക്കറ്റുകൾ. ഓരോ പാക്കറ്റുകളിലും നോമ്പുതുറ വിഭവങ്ങളായി കാരക്കയും ഉന്നക്കായയും സമൂസയും കൂടെ മുന്തിരി ജ്യൂസും വെള്ളവും വിവിധതരം പഴവർഗങ്ങളും ഉണ്ട്. കൂടാതെ ഒരാൾക്ക് വയറുനിറയാനുള്ളത്രയും കുഴിമന്തിയും പാക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 250 രൂപയാണ് ഒരു പാക്കറ്റിന്‍റെ വില.
രണ്ടു ജില്ലകളിലെ 100 സ്റ്റാളുകളിൽ വൈകുന്നേരം ആകുമ്പോഴേക്കും ഈ പാക്കറ്റുകൾ വിതരണത്തിന് എത്തും. പലഹാരങ്ങൾ ഉണ്ടാക്കുന്നതും ഫലവർഗങ്ങൾ മുറിച്ച് പാക്ക് ചെയ്യുന്നതും പ്രദേശത്തെ വീട്ടമ്മമാരാണ്. കുഴിമന്തി ഉണ്ടാക്കാൻ മാത്രം വിദഗ്‌ധരായ പാചകക്കാരെ എത്തിച്ചിട്ടുണ്ട്.
ഓരോ കാലത്തും അതിനോട് യോജിച്ച ഭക്ഷണ സാധനങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ ഇവരുടെ തീരുമാനം. വരും വർഷങ്ങളിൽ മറ്റ് ജില്ലകളിലേക്ക് കൂടി ഈ സുഹൃത്ത് സംഘത്തിൻ്റെ ഭക്ഷണ പാക്കറ്റുകൾ എത്തുമെന്ന് പ്രതീക്ഷിക്കാം.