കണ്ണൂര്‍: വിലക്കുറവിന് പേരു കേട്ട മാഹി, വ്യാപാര രംഗത്ത് തലയുയര്‍ത്തി നിന്നിരുന്ന നഗരം. എന്നാല്‍ ഇന്ന് മാഹിയുടെ വാണിജ്യ പ്രതാപത്തിന് പണ്ടത്തെ നിറപ്പകിട്ടില്ല. രാജ്യത്ത് നികുതി ഏകീകരണം വന്നതോടെ ഒട്ടുമിക്ക സാധനങ്ങള്‍ക്കും മാഹിയിലുണ്ടായിരുന്ന വിലക്കുറവ് ഇല്ലാതായി. പെട്രോള്‍, മദ്യം എന്നിവ ഒഴിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ ഇപ്പോള്‍ മറ്റൊന്നിനും മാഹിയെ ആശ്രയിക്കാറില്ല.
മാഹി നഗരത്തെ ഒഴിവാക്കി ദേശീയപാത കൂടി വന്നതോടെ വ്യാപാര മേഖല കൂടുതല്‍ ആശങ്കയിലാണ്. മദ്യ ഷാപ്പുകളേയും ബാറുകളേയും ഇത് പ്രതികൂലമായി ബാധിച്ചു. പെട്രോള്‍ വില്‍പ്പന കുറഞ്ഞു. കടകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഏറെപേരും മറ്റ് വഴികള്‍ തേടിപ്പോയി. മാഹിയുടെ പഴയകാല പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.
നിലവില്‍ സ്വസ്ഥമായി സഞ്ചരിക്കാനുളള ഇടമായി മാഹി മാറികഴിഞ്ഞു. ഗതാഗത തടസം നീങ്ങിയ മാഹിയുടെ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് വ്യാപാരി സമൂഹം. തദ്ദേശീയരായ ഉപഭോക്താക്കള്‍ കൂടുതലായി വ്യാപാര മേഖലയില്‍ കടന്നു വരുന്നുണ്ട്. ഭാവിയില്‍ തന്നെ മാഹിയില്‍ ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സാധനങ്ങള്‍ മൊത്തമായി എത്തിച്ച് വിലക്കുറവില്‍ നല്‍കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
മാഹിയിലെ വിനോദ സഞ്ചാര മേഖലയെ ഉണര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. മാഹിയിലേക്ക് വരുന്ന റോഡുകളില്‍ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള ലഘു വിവരണമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഉടന്‍ തന്നെ പദ്ധതികള്‍ക്ക് തുടക്കമിടാനാണ് ആലോചന. മാഹി ഭരണകൂടവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും.
മാഹിക്ക് തദ്ദേശ സ്വയം ഭരണ സംവിധാനം നിലവില്‍ ഇല്ലാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് പ്രധാന കാരണം. ദേശീയപാത വരുന്നതിന് മുമ്പ് തന്നെ പ്രാദേശിക സര്‍ക്കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഒരു ദശവര്‍ഷത്തിലേറെയായി ഉദ്യോഗസ്ഥ ഭരണത്തില്‍ മാഹി ഞെരിഞ്ഞമരുകയാണ്. നഗരസഭക്ക് സ്ഥിരം കമ്മീഷണര്‍മാര്‍ പോലുമില്ല. മുനിസിപ്പല്‍ ഓഫീസ് ആണെങ്കില്‍ നികുതി പിരിക്കാനും ഫീസ് വാങ്ങിക്കാനുമുള്ള സ്ഥാപനം മാത്രമായി മാറി. മാഹിയെ വീണ്ടും അതിന്‍റെ പഴയ പ്രതാപത്തിലേക്ക് എത്തിച്ച് പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റാണമെന്നാണ് വ്യാപാരികളുടെ ആവശ്യം.