കോഴിക്കോട് : കോഴിക്കോടിന്‍റെ ഹൃദയമാണ് മിഠായി തെരുവ്. മിഠായി തെരുവിലെ വൈബ് ഒന്ന് വേറെ തന്നെയാണ്. ഓണമെത്തിയതോടെ മിഠായി തെരുവിന്‍റെ മൊഞ്ച് പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. അരിയെറിഞ്ഞാൽ വീഴാത്തത്രയും ജനസഞ്ചയമാണ് രാപ്പകൽ വ്യത്യാസമില്ലാതെ മിഠായി തെരുവിലെത്തുന്നത്.
മിഠായി തെരുവ് തുടങ്ങുന്ന മാനാഞ്ചിറക്ക് മുന്നിലെ മിഠായി തെരുവിന്‍റെ കലാകാരനായ എസ് കെ പൊറ്റക്കാടിൻ്റെ പ്രതിമ മുതൽ എങ്ങും തിരക്കോട് തിരക്ക്. കോഴിക്കോടങ്ങാടിയിൽ മാളുകൾ അനവധി വന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ തെരുവിലൂടെ നടന്ന് വിലപേശി സാധനങ്ങൾ വാങ്ങുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു. അതുതന്നെയാണ് ഓരോ ഉത്സവകാലത്തും നാടിനെയാകെ മിഠായി തെരുവിലേക്ക് ആകർഷിക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാപാരികൾ വലിയ ആശങ്കയിലായിരുന്നു. എന്നാൽ അതൊന്നും മിഠായി തെരുവിലെ ഓണ വിപണിക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. ഓണത്തിരക്ക് അത്തത്തിനു മുൻപേ തന്നെ മിഠായി തെരുവിൽ തുടങ്ങി കഴിഞ്ഞിരുന്നു.
കാഴ്‌ച കാണാൻ എത്തുന്നവരെ പോലും കടകളിലേക്ക് ആകർഷിക്കുന്ന 'വിളിച്ചു പറയൽ ടീംസും' മിഠായി തെരുവിൽ സജീവമാണ്. ചെരുപ്പുകളും വസ്ത്രങ്ങളും ഫാൻസി ഷോപ്പുകളും ഹൽവ കടകളും തുടങ്ങി എന്തും മിഠായി തെരുവിൽ ലഭിക്കും. മലബാറിന്‍റെ ഓണത്തെ കളറാക്കാൻ സുന്ദരിയായി മിഠായി തെരുവ് ഇത്തവണയും മുന്നിലുണ്ട്.
Also Read : 2154 ഓണച്ചന്തകള്‍, ലക്ഷ്യം 30 കോടിയുടെ വിറ്റുവരവ്: സംസ്ഥാനത്ത് ഓണം മേളകൾക്ക് തുടക്കം