തിരുവനന്തപുരം : പ്രതിസന്ധി കാലത്തും ഡിജിറ്റല്‍ മേഖലയിലടക്കം നിരവധി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ സംസ്ഥാന ബജറ്റ്. കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു (Kerala Budget 2024).
ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ മൂന്ന് കേന്ദ്രങ്ങൾ ആരംഭിക്കും. സംസ്ഥാനത്തിന്‍റെ വടക്ക്, കിഴക്ക് മധ്യ മേഖലകളിലായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായുള്ള സ്ഥലം പിന്നീട് തീരുമാനിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ.ഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കേന്ദ്രമാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്നും ഇതിനകം 16 പേറ്റന്‍റുകള്‍ ലഭിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എ.ഐ) ഹബ്ബാക്കി മാറ്റും. ഇതിനായി 2024 ജൂലൈയില്‍ ഐബിഎമ്മുമായി ചേര്‍ന്ന് അന്താരാഷ്ട്ര എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും (Finance Minister KN Balagopal's kerala budget 2024).
പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പയെടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. വായ്പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവ് നല്‍കും. 80-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതുവഴി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.
ഒക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഒക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരള സ്‌പെസിഫിക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനുള്ള സ്കോളര്‍ഷിപ്പ് ഫണ്ടിലേക്ക് 10 കോടി രൂപ വകയിരുത്തി.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേരാന്‍ കഴിയും. പി.എച്ച്.ഡി. പൂര്‍ത്തിയാക്കുന്നവര്‍ കേരളത്തില്‍ മടങ്ങിയെത്തി അടുത്ത മൂന്നുവര്‍ഷം നാടിന്‍റെ വികസനത്തിന് സംഭാവനകള്‍ നല്‍കണമെന്ന വ്യവസ്ഥ ഇതിന്‍റെ ഭാഗമായി ഉണ്ടാക്കും. പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപ വകയിരുത്തുന്നുവെന്നും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
മെച്ചപ്പെട്ട തൊഴിലവസരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് കേരളത്തെ ഐടി ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. വിവര സാങ്കേതിക മേഖലയ്ക്കായി 507. 14 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് തുടങ്ങി ഡിജിറ്റല്‍ മേഖലയിലേക്ക് പുതുസംരംഭകരെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ധനമന്ത്രി വിശദീകരിച്ചു.
ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും, റോബോക്ട്ടിക്‌സ് കമ്പനികളും ചേര്‍ന്ന് സംസ്ഥാനത്തെ റോബോട്ടിക് ഹബ്ബാക്കി മാറ്റാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കും. ഇതിനായി 2024 ഓഗസ്റ്റ് മാസം പ്രത്യേക മീറ്റിങ്ങുകള്‍ സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്‍റെ പ്രവര്‍ത്തനത്തിന് 117.18 കോടി, സ്റ്റേറ്റ് ഡാറ്റ സെന്‍ററിന് 47 കോടി, സംസ്ഥാനത്താകെ 2000 വൈഫൈ പോയിന്‍റുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപ എന്നിങ്ങനെ വകയിരുത്തുന്നുവെന്നും ബജറ്റില്‍ ധനമന്ത്രി അറിയിച്ചു.