ഡൽഹി : സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് വളം കമ്പനികൾ വഴി യൂറിയ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. 2025 മാർച്ച് 31 വരെയാണ് അനുമതി നൽകിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യ പൊട്ടാഷ് ലിമിറ്റഡ് (ഐപിഎൽ), രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് (ആർസിഎഫ്), നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് (എൻഎഫ്എൽ) എന്നീ കമ്പനികൾ വഴിയാണ് യൂറിയ ഇറക്കുമതി ചെയ്യുക.
സർക്കാർ അക്കൗണ്ടിൽ കാർഷിക ആവശ്യങ്ങൾക്കായുള്ള യൂറിയ ഇറക്കുമതി ചെയ്യുന്നത് നിയുക്ത എസ്‌ടിഇകൾ വഴിയോ അല്ലെങ്കിൽ വളം വകുപ്പ് കാലങ്ങളായി അധികാരപ്പെടുത്തിയ ഏതെങ്കിലും വളം വിപണന സ്ഥാപനങ്ങൾ വഴിയോ അനുവദിക്കും. രാസവളങ്ങൾ നിർമിക്കുന്നതിന് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് യൂറിയ. മാത്രമല്ല കാർഷിക രാസ വ്യവസായത്തിനുള്ള ഒരു പ്രധാന അസംസ്‌കൃത വസ്‌തുകൂടിയാണ് യൂറിയ.
യൂറിയ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗ ആവശ്യത്തിൻ്റെ 30 ശതമാനം യൂറിയയാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഫോസ്‌ഫാറ്റിക്, പൊട്ടാസ്‌ക് (പി ആൻഡ് കെ) വളങ്ങളുടെ വരാനിരിക്കുന്ന ഖാരിഫ് സീസണിലെ പോഷകാധിഷ്‌ഠിത സബ്‌സിഡി (എൻബിഎസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനും സ്‌കീമിന് കീഴിൽ മൂന്ന് പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള രാസവള വകുപ്പിൻ്റെ നിർദേശത്തിന് കേന്ദ്ര കാബിനറ്റ് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. സർക്കാരിൻ്റെ കണക്കനുസരിച്ച്, 2024-ലെ ഖാരിഫ് സീസണിൽ ഏകദേശം 24,420 കോടി രൂപയുടെ ബജറ്റ് ആവശ്യമാണ്.
ഈ സ്‌കീമിലൂടെ കഷകർക്ക് ന്യായമായ വിലയിൽ വളങ്ങൾ ലഭ്യമാക്കാൻ സാധിക്കും. വളം നിർമ്മാതാക്കളിൽ നിന്നോ ഇറക്കുമതിക്കാർ മുഖേനയോ കർഷകർക്ക് 25 ഗ്രേഡ് പി ആൻഡ് കെ വളങ്ങൾ സബ്‌സിഡി വിലയിൽ സർക്കാർ ലഭ്യമാക്കും. യൂറിയ, ഡിഎപി, എംഒപി, സൾഫർ തുടങ്ങിയവയുടെ സമീപകാല അന്താരാഷ്‌ട്ര വില കണക്കിലെടുത്ത്, ഫോസ്‌ഫറ്റിക്, പൊട്ടാസ്‌ക് (പി ആൻഡ് കെ) വളങ്ങൾക്ക് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പ്രാബല്യത്തിൽ വരുന്ന ഖാരിഫ് 2024 ലെ എൻബിഎസ് നിരക്കുകൾ അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ 2-3 വർഷമായി, ഉയർന്ന ആഗോള ചരക്ക് വിലയുടെ ആഘാതത്തെ തുടർന്ന് സർക്കാർ സ്ഥിരമായ ചില്ലറ വിലയിൽ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്‌തിരുന്നു. ആഗോളതലത്തിൽ ഉപഭോഗത്തിലുണ്ടായ ഇടിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷങ്ങളിൽ സ്ഥിരമായ രാസവള ഉപഭോഗത്തിനും റെക്കോർഡ് കാർഷിക ഉത്‌പാദനത്തിനും ഇത് കാരണമായിരുന്നു.