മനുഷ്യന്റെ ആദ്യകാല സാംസ്‌കാരിക ഉയര്‍ച്ചകളിലേക്കും വ്യാപാര വാണിജ്യ വഴികളുടെ ആവിർഭാവത്തിലേക്കും വിരല്‍ ചൂണ്ടുന്ന സംഗതിയാണ് വിദേശ കറൻസികളുടെ വിനിമയം. 1950-കളിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ ഇന്ത്യൻ രൂപ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ 1966-ഓടെ ഇന്ത്യന്‍ രൂപയിലുണ്ടായ മൂല്യത്തകർച്ച രൂപയിലുണ്ടായ ആശ്രയം കുറയ്ക്കുകയും ഈ രാജ്യങ്ങളിൽ അവരവരുടെ സ്വന്തം പരമാധികാര കറൻസികൾ അവതരിപ്പിക്കുന്നതിന് വഴിവെക്കുകയും ചെയ്‌തു.
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം മുതൽ 1971 ഓഗസ്‌റ്റ് വരെ യുഎസ് ഡോളറും സ്‌റ്റെർലിങ് പൗണ്ടും പ്രധാന അന്താരാഷ്‌ട്ര കറന്‍സികളായി. 1971 ഓഗസ്‌റ്റ് 15-ന് പ്രസിഡന്‍റ് നിക്‌സസൺ യുഎസ് ഡോളറിനെ സ്വർണവുമായി ബന്ധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ജർമ്മന്‍ കറന്‍സിയായ മാർക്കും, ജാപ്പനീസ് യെന്നും എന്നിവയും അന്നത്തെ മുൻനിര കറൻസികളായ യുഎസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട് എന്നിവയുമായി മത്സരിക്കാൻ ആരംഭിച്ചു.
1994-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചരക്കുകളും സേവനങ്ങളുമായി ബന്ധപ്പെട്ട കറന്‍റ് അക്കൗണ്ട് ഇടപാടുകളിൽ ഇന്ത്യൻ രൂപയെ പൂർണമായി പരിവർത്തനം ചെയ്യാവുന്നതാക്കി. അതായത്, കേന്ദ്ര അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ രൂപ വിനിമയം ചെയ്‌തുകൊണ്ട് ഏത് വിദേശ കറൻസി വാങ്ങാമെന്ന അനുമതി നല്‍കി.
രൂപയെ അന്താരാഷ്‌ട്രവൽക്കരിക്കുന്നത് ഇന്ത്യയുടെ ഭൗമ രാഷ്‌ട്രീയ സ്വാധീനത്തെ വർദ്ധിപ്പിക്കുന്നതാണ്. മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും വ്യാപാര കരാറുകൾ സുഗമമാക്കാനും നയതന്ത്ര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇത് വഴി സാധ്യമാകും.
ആഗോള തലത്തിൽ സ്വീകാര്യമായ ഏക നാണയം ഡോളർ ആയതിനാൽ അതിന്‍റെ പ്രാധാന്യവും ശക്തിയും നിലയ്ക്കാത്തതാണ്. ഇത് കണക്കിലെടുത്ത് ഏഷ്യൻ വിപണികൾ യുഎസ് ഡോളറിന് പകരമായി മറ്റ് കറൻസികളുടെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്‌തു. 2023 ജൂൺ 1-ന് ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നടന്ന ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവന, അന്താരാഷ്‌ട്ര വ്യാപാരത്തിലെ പ്രാദേശിക നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം അടിവരയിടുന്നതാണ്.
ഇന്ത്യൻ രൂപ (INR), ചൈനയുടെ ആർഎംബി (റെൻമിൻബി) എന്നീ നാണയങ്ങള്‍ അന്താരാഷ്‌ട്ര കറൻസിയായി ഐഎംഎഫ് (ഇന്‍റര്‍നാഷണല്‍ മൊണേട്ടറി ഫണ്ട്) അംഗീകരിച്ചിട്ടുണ്ട്. അതായത്, ആഗോള വ്യാപാരത്തിനുള്ള ഏതൊരു ഇടപാടിലും ഇന്ത്യൻ രൂപ സ്വതന്ത്രമായി ഉപയോഗിക്കാം. എല്ലാ കയറ്റുമതി, ഇറക്കുമതി ഇടപാടുകളും ഇന്ത്യൻ രൂപ ഇൻവോയ്‌സ് ചെയ്യണം.
ഇന്ത്യൻ രൂപയുടെ അന്താരാഷ്‌ട്രവൽക്കരണത്തിന് പലവിധ നേട്ടങ്ങളുണ്ട്. 2023 ജൂലൈ 5-ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഇന്‍റര്‍ ഡിപ്പാർട്ട്‌മെന്‍റൽ ഗ്രൂപ്പ് (IDG) ഇന്ത്യന്‍ കറൻസി അന്താരാഷ്‌ട്രവൽക്കരിക്കുന്നതിനുള്ള ഒരു റോഡ്‌മാപ്പ് അവതരിപ്പിച്ചിരുന്നു. വിദേശ വാണിജ്യ വായ്‌പകളിലൂടെയും മസാല ബോണ്ടുകൾ വഴിയും (ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യൻ സ്ഥാപനങ്ങൾ നൽകുന്ന രൂപാ മൂല്യമുള്ള ബോണ്ടുകൾ) ഫണ്ട് ശേഖരിക്കാന്‍ കോർപ്പറേറ്റ് സ്ഥാപനങ്ങളെ അനുവദിക്കുന്നത് പോലുള്ള മൂലധന-അക്കൗണ്ട് ഇടപാടുകളും ഇന്ത്യ പ്രാപ്‌തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ബോണ്ട് മാർക്കറ്റുകളിൽ മിച്ചം വരുന്ന രൂപ നിക്ഷേപിക്കാനുള്ള സൗകര്യം, വിദേശ വ്യാപാരത്തിൽ രൂപയുടെ സെറ്റിൽമെന്‍റിനുള്ള അനുവാദം തുടങ്ങിയ ആർബിഐയുടെ പദ്ധതിയിലൂടെ അന്താരാഷ്‌ട്ര വ്യാപാര സെറ്റിൽമെന്‍റിനുള്ള രൂപയുടെ പ്രാധാന്യം കൂടുതൽ ശ്രദ്ധ നേടി. സോവിയറ്റ് കമ്മ്യൂണിസ്‌റ്റ് കാലഘട്ടത്തിൽ ഇന്ത്യക്ക് രൂപ-റൂബിൾ ബന്ധമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ ആ ബന്ധം ഉപേക്ഷിക്കപ്പെട്ടു.
2022 ഡിസംബറിൽ റിസർവ് ബാങ്ക് ആരംഭിച്ച ഇന്ത്യൻ രൂപയിലെ ഇന്‍റർനാഷണൽ ട്രേഡ് സെറ്റിൽമെന്‍റ് (INR) മെക്കാനിസത്തിലൂടെ റഷ്യയുമായുള്ള വിദേശ വ്യാപാരത്തിന്‍റെ ആദ്യ സെറ്റിൽമെന്‍റിന് ഇന്ത്യ തുടക്കമിട്ടു. ഈ നിര്‍ണായക ഇടപാടിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ $30 ബില്യൺ ഡോളറിന്‍റെ ലാഭം പ്രതീക്ഷിക്കുന്നുണ്ട്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായോ ഇന്ത്യയ്‌ക്ക് വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായോ ഇന്ത്യൻ രൂപയിൽ വ്യാപാര ഇടപാടുകൾ ഇൻവോയ്‌സ് ചെയ്‌ത് തീർപ്പാക്കുന്നത് ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) കുറയ്ക്കുന്നതിനും വിദേശ-വിനിമയ കരുതൽ ശേഖരം നിലനിർത്തുന്നതിന്‍റെ ഭാരം കുറയ്ക്കുന്നതിനും ഇടയാക്കും. ഇന്ത്യൻ രൂപയിൽ പേയ്‌മെന്‍റുകൾ തീർപ്പാക്കുന്നതിന് പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകൾ (എസ്‌വിആർഎ) തുറക്കാൻ 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഈ നടപടി, എല്ലാ ഇറക്കുമതികൾക്കും രൂപയിൽ പണമടയ്ക്കാൻ ഇന്ത്യൻ വ്യാപാരികളെ സഹായിക്കും. അതേസമയം ഇന്ത്യൻ കയറ്റുമതിക്കാർക്ക് നിയുക്ത വോസ്ട്രോ അക്കൗണ്ടുകളിലെ ബാലൻസുകളിൽ നിന്ന് പണം നൽകും.
ഇന്ത്യൻ രൂപ ഉപയോഗിച്ച് വ്യാപാര ഇടപാടുകൾ നടത്തുന്നതിന് ഇന്ത്യയും ഇറാനും തമ്മിൽ ഒരു കരാർ ഒപ്പിട്ടിരുന്നു. ക്യൂബയും ലക്‌സംബർഗും രൂപ അടിസ്ഥാനമാക്കിയുള്ള വ്യാപാര സെറ്റിൽമെന്‍റുകളിൽ താത്പര്യം കാണിക്കുന്നുണ്ട്. എന്നാൽ ഇന്ത്യ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. മാത്രമല്ല, ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം കാലക്രമേണ കുറയുകയാണ്.
സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ്, ഒമാൻ, ഖത്തർ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ ഇന്ത്യൻ രൂപയ്ക്ക് ഒരു പരിധി വരെ സ്വീകാര്യതയുണ്ട്. നേപ്പാൾ, ഭൂട്ടാൻ, മലേഷ്യ എന്നിവയുടെ സെൻട്രൽ ബാങ്കുകളും ഗവൺമെന്‍റ് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റികളും ട്രഷറി ബില്ലുകളും കൈവശം വച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്ക് നിലവിൽ ജപ്പാനുമായി 75 ബില്യൺ യുഎസ് ഡോളർ വരെ ഒരു സ്വാപ്പ് അറേഞ്ച്മെന്‍റ് (ബിഎസ്എ) ഉണ്ട്. കറൻസി സ്വാപ്പ് ക്രമീകരണങ്ങൾ, വ്യാപാര ഇടപാടുകൾക്ക് യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ബ്ലൂപ്രിന്‍റുകൾ നൽകാന്‍ സാധ്യതയുണ്ട്. ഇത് വിനിമയ നിരക്കിന്‍റെ സ്ഥിരതയിലേക്കും പണലഭ്യതയിലെ പ്രതിസന്ധി കുറയ്ക്കുന്നതിലേക്കും നയിച്ചേക്കാം.
IDG റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്പോലെ, ഇന്ത്യയ്ക്ക് ഒരു സ്‌റ്റാൻഡേർഡ് സമീപനം ആവശ്യമാണ്. കൂടാതെ പ്രാദേശിക കറൻസി സെറ്റിൽമെന്‍റുകൾ, സ്വാപ്പുകൾ, ലൈൻ ഓഫ് ക്രെഡിറ്റ് (LCs) എന്നിവയ്ക്കായി താത്പര്യമുള്ള സെൻട്രൽ ബാങ്കുകളുമായി ഇടപഴകാനും തയ്യാറായിരിക്കണം.
നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച്, അതിർത്തി കടന്നുള്ള പണടപാടുകൾ സുഗമമാക്കുന്നതിന് യുപിഐ സംവിധാനം വ്യാപിപ്പിക്കുകയാണ് ആര്‍ബിഐ.
ഇന്ത്യയുടെ റീട്ടെയിൽ പേയ്‌മെന്‍റ് സംവിധാനമായ യുപിഐ ഇന്‍റർഫേസും സിംഗപ്പൂരിന്‍റെ തത്തുല്യമായ നെറ്റ്‌വർക്കായ പേയ്‌നൗവും 2023 ഫെബ്രുവരി 21-ന് സംയോജിപ്പിച്ചിരുന്നു. ഈ ബന്ധം വഴി ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കള്‍ക്ക് വേഗത്തിലും ചെലവ് കുറഞ്ഞതുമായ രീതിയില്‍ പണമയയ്ക്കാൻ സാധിക്കും. അതുപോലെ, 2023 ജൂലൈ 15-ന്, ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇടപാടുകൾക്ക് പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം രൂപീകരിക്കാനുള്ള ധാരണാപത്രത്തിൽ ആർബിഐ ഒപ്പുവച്ചിട്ടുണ്ട്.
ഏഷ്യൻ ക്ലിയറിങ് യൂണിയൻ (എസിയു), എസിയു ഇടപാടുകൾക്കായി പ്രാദേശിക കറൻസികൾ ഉപയോഗിക്കാന്‍ അംഗ രാജ്യങ്ങളോട് നിർദ്ദേശിച്ചിരുന്നു. ഇതില്‍, സെറ്റിൽമെന്‍റ് കറൻസികളിൽ ഒന്നായി ഇന്ത്യൻ രൂപയും ഉൾപ്പെടുത്തണമെന്ന ആശയവും മുന്നോട്ടുവച്ചു. പുതിയ പരിണാമങ്ങളെല്ലാം ഡോളറിന്‍റെ ആധിപത്യത്തെ വെല്ലുവിളിക്കുമെന്നല്ല അര്‍ത്ഥമാക്കുന്നത്. എന്നാൽ ഇന്ത്യയുടെ വളരുന്ന ഭൗമ രാഷ്‌ട്രീയ സ്വാധീനവും സാമ്പത്തിക വളർച്ചയും തീർച്ചയായും വരും വർഷങ്ങളിൽ ഇന്ത്യൻ രൂപയെ അംഗീകൃത അന്താരാഷ്‌ട്ര കറൻസിയാക്കും എന്നാണ് നിരവധി അന്താരാഷ്‌ട്ര ഏജൻസികൾ പ്രവചിക്കുന്നത്.
രൂപയുടെ അന്താരാഷ്‌ട്രവൽക്കരണത്തിനുള്ള പ്രാഥമിക ചുവടുവയ്പ്പായി താരാപൂർ കമ്മിറ്റിയുടെ ശുപാർശകൾ പിന്തുടരേണ്ടതുണ്ട്. കൂടാതെ, അന്താരാഷ്‌ട്ര സംഘടനകളിൽ രൂപ ഔദ്യോഗിക കറൻസിയായി മാറുന്നതിന് വേണ്ടി വാദിക്കുന്നത് അതിന്‍റെ പ്രശസ്‌തിയും സ്വീകാര്യതയും ഉയർത്തും.
ശ്രീലങ്കയെപ്പോലെ, ഒരു കരുതൽ കറൻസിയെ ആശ്രയിക്കാതെ, വ്യാപാരവും നിക്ഷേപ ഇടപാടുകളും രൂപയിൽ തീർപ്പാക്കാൻ ഇന്ത്യ അനുവദിക്കണം. നോട്ട് നിരോധനം പോലുള്ള പെട്ടെന്നുള്ളതോ ഗുരുതരമായതോ ആയ മാറ്റങ്ങൾ ഇന്ത്യ ഒഴിവാക്കണം. അതേ സമയം നോട്ടുകളുടെയും നാണയങ്ങളുടെയും സ്ഥിരവും പ്രവചിക്കാവുന്നതുമായ ഇഷ്യൂ/വീണ്ടെടുപ്പ് ഉറപ്പാക്കുകയും വേണം.
Also Read : എങ്ങനെ ടാക്‌സ് ലാഭിക്കാം; നികുതിയിളവ് നേടാന്‍ ഇതാ പത്ത് വഴികള്‍